ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുൾപ്പടെയുള്ള യാത്രികർ ഭൂമിയിലേക്ക് മടങ്ങി.നാളെ വൈകീട്ട് മൂന്നിന്എത്തും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുൾപ്പടെയുള്ള യാത്രികൾ ഭൂമിയിലേക്ക് മടങ്ങി. ആക്‌സിയം മിഷൻ 4ന്റെ ഭാഗമായിട്ടാണ് ബഹിരാകാശ നിലയത്തിൽ യാത്ര പുറപ്പെട്ടത് .ഇന്ത്യൻ സമയം വൈകീട്ട് 4.35 നാണ് പേടകത്തിന്റെ അൺഡോക്കിങ് പൂർത്തിയായത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കാലിഫോർണിയയ്ക്കടുത്ത് കടലിൽ ഇറങ്ങുന്ന നിലയിലാണ് പേടകത്തിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന ശുഭാംശു ശുക്ലയും മൂന്നുസഹയാത്രികരും ഏഴുദിവസം നിരീക്ഷണത്തിൽ തുടരും. ഭൂമിയുടെ ഗുരുത്വാകർ ഗുഷണവുമായി പൊരുത്തപ്പെടുന്നതിനാണ് ഏഴുദിവസത്തെ നീരീക്ഷണ കാലാവധി. ദൗത്യത്തിനിടെ നടത്തിയ 60-ലധികം പരീക്ഷണങ്ങളുടെ വിവരങ്ങൾ, 580 പൗണ്ടിലധികം ചരക്ക് എന്നിവയുമായാണ് ഡ്രാഗൺ ബഹിരാകാശ പേടകം മടക്കയാത്ര നടത്തുന്നത്.

ആക്സിയം 4 ദൗത്യത്തിന്റെ പൈലറ്റുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, നാസയിലെ പരിചയസമ്പന്നനായ ബഹിരാകാശ സഞ്ചാരി കമാൻഡർ പെഗ്ഗി വിറ്റ്‌സൺ, യൂറോപ്യൻ സ്‌പേസ് ഏജൻസി പ്രോജക്റ്റിന്റെ ഭാഗമായ പോളണ്ടിലെ സ്ലാവോസ് ഉസ്‌നാൻസ്‌കി-വിസ്‌നിവ്‌സ്‌കി, ഹംഗേറിയൻ ബഹിരാകാശ യാത്രികൻ ടിബോർ കപു എന്നിവരുൾപ്പെട്ട സംഘമാണ് ദൗത്യത്തിലുള്ളത്.

17 ദിവസങ്ങൾക്ക് ശേഷമാണ് ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും മടങ്ങുന്നത്. ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ രാജ്യത്തിനും ഇസ്രൊയ്ക്കും ശുഭാംശു ശുക്ല നന്ദി പറഞ്ഞിരുന്നു. ബഹിരാകശത്തേക്കുള്ള യാത്ര അവിശ്വസനീയവും വിസ്മയിപ്പിക്കുന്നതുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശുഭാംശു ശുക്ലയുടെ ഐഎസ്എസ് യാത്രയ്ക്ക് ഐഎസ്ആർഒ ഏകദേശം 550 കോടി രൂപ ചെലവഴിച്ചെന്നാണ് കണക്കുകൾ.