ഗോവ ഗവർണറായിരുന്ന പി എസ് ശ്രീധരൻപിള്ളയെ സ്ഥാനത്തുനിന്ന് മാറ്റി;പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല

ഗോവ ഗവർണറായിരുന്ന അഡ്വ. പി എസ് ശ്രീധരൻപിള്ളയെ സ്ഥാനത്തുനിന്ന് മാറ്റി. തെലുങ്കുദേശം പാർട്ടി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. രാഷ്ട്രപതി ഭവനിൽനിന്നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഹരിയാനയിലെ ഗവർണറെയും ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണറെയും മാറ്റിയിട്ടുണ്ട്. ആഷിം കുമാർ ഘോഷാണ് പുതിയ ഹരിയാന ഗവർണർ. ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവർണറായി കവീന്ദർ ഗുപ്തയെ നിയമിച്ചു.പി എസ് ശ്രീധരൻപിള്ളയ്ക്ക് പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല.

പി.എസ്. ശ്രീധരൻ പിള്ള സജീവ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു എന്നാണ് അഭ്യൂഹം. കാലാവധി പൂർത്തിയായതോടെ ഗോവ ഗവർണർ പദവി ഇന്ന് ഒഴിഞ്ഞേക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുൻനിര പോരാളിയായി പി.എസ്. ശ്രീധരൻ പിള്ള കേരളത്തിൽ മത്സരിക്കുമെന്നും സൂചനയുണ്ട്.

നിലവിൽ ഗവർണറായി അദ്ദേഹം ആറ് വർഷം പൂർത്തിയാക്കി കഴിഞ്ഞു. ഭരണഘടന അനുസരിച്ച് ആറ് വർഷമാണ് കാലാവധി. മിസോറാം ഗവർണറായി രണ്ട് വർഷം പ്രവർത്തിച്ച അദ്ദേഹം കഴിഞ്ഞ നാലു വർഷമായി ഗോവ ഗവർണറാണ്.

ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിലും എഴുത്തിൻ്റെ ലോകത്ത് ഉയരങ്ങൾ കീഴടക്കുകയായിരുന്നു പി.എസ്. ശ്രീധരൻ പിള്ള. അമ്പത് വർഷങ്ങൾ കൊണ്ട് 252 പുസ്തകങ്ങളാണ് അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചത്.

അടുത്തിടെ ഗംഭീര ആഘോഷങ്ങളോടെയാണ് ശ്രീധരൻ പിള്ളയുടെ എഴുത്തിൻ്റെ സുവർണ ജൂബിലി കൊണ്ടാടിയത്. കേരള ഗവർണർ രാജേന്ദ്ര അർലേക്കറാണ് ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. തനിക്ക് രാഷ്ട്രീയത്തിൽ ശത്രുക്കളില്ലെന്നും എതിരാളികൾ മാത്രമാണുള്ളതെന്നും ചടങ്ങിൽ വെച്ച് ശ്രീധരൻ പിള്ള വ്യക്തമാക്കിയിരുന്നു.