കേരള ഹൈക്കോടതിയിൽ നിന്നും സംസ്ഥാന സർക്കാരിനു തിരിച്ചടി. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിധിച്ച ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
10 ദിവസത്തിനുള്ളില്‍ തുക ഹൈക്കോടതിയില്‍ കെട്ടിവയ്ക്കാനാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവു വന്നതിന് മാസങ്ങള്‍ക്കുശേഷം റിട്ട് ഹര്‍ജിയുമായി എത്തിയതിന് കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. വൈകിയത് വിശദമാക്കി ഹര്‍ജി ഭേദഗതി ചെയ്തു സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
സിദ്ധാര്‍ഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് 2024 ഒക്ടോബര്‍ ഒന്നിനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. എന്നാല്‍ ഈ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കിയില്ല. തുടര്‍ന്ന് ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതോടെയാണ് കമ്മീഷന്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക് ഓടിയത്. ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. റിട്ട് ഹര്‍ജി ഇത്ര വൈകി സമര്‍പ്പിച്ചതിന്റെ കാരണം പോലും വിശദമാക്കിയിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലല്ല കാര്യങ്ങള്‍ ചെയ്യേണ്ടത്. കഴിഞ്ഞ ഒക്ടോബറില്‍ കമ്മിഷന്‍ ഉത്തരവിട്ടതാണ്. എന്നാല്‍ കമ്മീഷന്റെ നിര്‍ദേശം നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് വന്നതോടെ അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജി ഭേദഗതി ചെയ്തു നല്‍കുന്നതിനൊപ്പം കമ്മീഷന്‍ മുമ്പാകെ ഹാജരാകുന്നതിന് സമയം നീട്ടി ചോദിക്കാനുള്ള അപേക്ഷ നല്‍കാനും കോടതി അനുവദിച്ചു. പക്ഷേ ഇതെല്ലാം, കമ്മീഷന്‍ ഉത്തരവിട്ട തുക കെട്ടിവയ്ക്കുന്നതിന്റെ അടിസ്ഥാനത്തിലാവുമെന്ന് കോടതി വ്യക്തമാക്കി. 2024 ഫെബ്രുവരി 18നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ഥനെ പൂക്കോട് വെറ്ററിനറി കോളജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിനു മുമ്പ് സിദ്ധാര്‍ഥന്‍ റാഗിങ്ങിന് ഇരയായെന്ന് കണ്ടെത്തുകയും 18 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.