വിഎസ് ആലപ്പുഴയിൽ; പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇനി അന്ത്യ വിശ്രമം

വിസിനെ ആലപ്പുഴയിലെ ജന്മ നാട് ഏറ്റുവാങ്ങി.ഇന്ന് (23 -07 -2025 ) രാവിലെ 7.30 ഓടെയാണ് ആലപ്പുഴ ജില്ലയുടെ അതിർത്തിയായകായംകുളത്ത് വിലാപയാത്ര എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രിയസഖാവിനെ ഒരുനോക്കുകാണാനായി വഴിനീളെ കാത്തുനിന്നത്.ഇല്ല ..ഇല്ല ..മരിച്ചിട്ടില്ല..വിഎസ് മരിച്ചിട്ടില്ല..ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യങ്ങളിലൂടെ ജനസാഗരത്തിലൂടെയാണ് വിലാപയാത്ര കടന്നുപോയത്.മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് മണിക്കൂറുകളോളം വിഎസിനെ ഒരു നോക്ക് കാണാൻ കാത്തു നിന്നത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി.

ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകൻ പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് . ഇവിടെയാണ് ഇനി ജനനായകൻ അന്ത്യ വിശ്രമകൊള്ളുക .

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ദർബാർ ഹാളിൽ നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. 17 മണിക്കൂറിൽ 104 കിലോമീറ്റർ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നത്. വിഎസിന്‍റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നിലവിലെ രീതിയിലാണെങ്കില്‍ അതിനിയും മണിക്കൂറുകള്‍ വൈകുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതിനാൽ പൊതുദർശനം വെട്ടിക്കുറക്കും.

വിഎസിന്‍റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് എത്തിക്കുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ​ഗ്രൗണ്ടിലുമാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്‍റെ സ്നേഹം താണ്ടിയാണ് വിഎസിന്‍റെ വിലാപയാത്ര കടന്ന് പോകുന്നത്. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം.