നിമിഷപ്രിയയുടെ വധ ശിക്ഷ :കാന്തപുരത്തിന്റെ ഇടപെടൽ ഫലം കണ്ടു തുടങ്ങി

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ ഇടപെടൽ ഫലം കണ്ടു തുടങ്ങി. വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍.

ഇതോടെ നിമിഷ പ്രിയയുടെ മോചനത്തിനായി പോരാടുന്നവര്‍ക്കും കുടുംബത്തിനും ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിമിഷ പ്രിയ വൈകാതെ ജയില്‍ മോചിതയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. അവസാന നിമിഷം വിവിധ തലത്തില്‍ നടത്തിയ ഇടപെടലില്‍ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിയിരുന്നു. സര്‍ക്കാര്‍ തലത്തിലെ ഇടപെടലിനൊപ്പം കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ യെമനിലെ പണ്ഡിതന്മാരുമായി സംസാരിച്ചും കേസില്‍ ഇടപെടല്‍ നടത്തിയിരുന്നു.

2015 ല്‍ സനായില്‍ യെമന്‍ പൗരനായ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളി.