യെമനിൽ നിമിഷപ്രിയ വധ ശിക്ഷ കാത്ത് കിടക്കുമ്പോൾ കേരളത്തിലെ ജയിലുകളിൽ വധ ശിക്ഷ കാത്ത് 21 പ്രതികൾ

യെമൻ എന്ന ഇന്ത്യയുടെ ശത്രു രാജ്യത്ത് വധ ശിക്ഷ കാത്ത് കിടക്കുന്ന മലയാളി നേഴ്‌സായ നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി വലിയ ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നത് ,അതിനുവേണ്ടി ഒരു കമ്മിറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ മുതൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വരെ നിമിഷ പ്രിയയെ മോചിപ്പിക്കാൻ അധ്വാനിക്കുന്നുണ്ട്.സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ശ്രമിച്ചു കൊണ്ടിരിക്കുന്നു.സുപ്രീം കോടതിയും ഇടപ്പെട്ടു.

കേരളത്തിലെ പത്ര മാധ്യമങ്ങളിൽ ഏതാണ്ട് എല്ലാ ദിവസവും നിമിഷപ്രിയയെക്കുറിച്ചുള്ള വാർത്തകളും വരുന്നുണ്ട്.മറ്റാർക്കും കിട്ടാത്ത പരസ്യമാണ് ഇതിനകം നിമിഷപ്രിയയ്ക്ക് ലഭിച്ചിട്ടുള്ളത്.നിമിഷപ്രിയയുടെ ബന്ധുക്കളും നാട്ടുകാരും അവരുടെ മോചനത്തിനായി അഹോരാത്രം കഷ്ടപ്പെടുകയാണ്.എന്നിട്ടും ഇതുവരെ യാതൊരു ഫലവുമുണ്ടായിട്ടില്ല.കാന്തപുരം രംഗത്ത് വന്നപ്പോഴാണ് നിമിഷപ്രിയയുടെ കാര്യത്തിൽ വലിയൊരു ചലനമുണ്ടായത്.

അങ്ങനെ ഇപ്പോൾ കേരളത്തിൽ ഒരു സ്റ്റാറായി നിൽക്കുകയാണ് നിമിഷപ്രിയ .ഇക്കാര്യങ്ങളൊന്നും അവർ അറിയുന്നില്ല.എത്ര കോടികൾ വേണമെങ്കിലും കൊല്ലപ്പെട്ട കുടുബത്തിനു ദയാ ധനം നൽകാമെന്ന് നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി നിൽക്കുന്നവർ പറയുന്നു .ഇക്കാര്യം മധ്യ സ്ഥർ മുഖാന്തിരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ അറിയിക്കുകയും ചെയ്‌തു .തുടക്കത്തിൽ അവർ വഴങ്ങിയെങ്കിലും ഒടുക്കം കൊല്ലപ്പെട്ട വ്യക്തിയുടെ സഹോദരൻ പറഞ്ഞത് തങ്ങൾക്ക് ദയാ ധനം വേണ്ടെന്നും നീതി മതിയെന്നുമാണ് .അതോടെ നിമിഷ പ്രിയയുടെ മോചനത്തിനുള്ള സാധ്യത മങ്ങി.ജൂലൈ 16 നു വധശിക്ഷ നടപ്പിലാക്കുമെന്നാണ് പറഞ്ഞിരുന്നത്.കേന്ദ്ര സർക്കാരിന്റെ ചില പ്രതിനിധികൾ ഇടപെട്ടതിനെ തുടർന്ന് വധശിക്ഷ മാറ്റിവെച്ചു.

ഇതാണ് നിമിഷപ്രിയയുടെ അവസ്ഥ.അതേസമയം കേരളത്തിലെ വിവിധ ജയിലുകളിൽ 21 പേരാണ് കേരളത്തിലെ വിവിധ ജയിലുകളിൽ തൂക്കുകയർ കാത്തു കിടക്കുന്നത്.ക്രൂരകൃത്യങ്ങൾ ചെയ്തവരാണിവർ.പൂജപ്പുരയിൽ-ഒൻപത്, വിയ്യൂരിൽ-അഞ്ച്, കണ്ണൂരിൽ-നാല്, വിയ്യൂർ അതിസുരക്ഷാ ജയിലിൽ-മൂന്ന് പേർ വീതം എന്നിങ്ങനെയാണ് വധശിക്ഷ കാത്തു കിടക്കുന്നവരുടെ കണക്കുകൾ. മിക്കവരും ശിക്ഷായിളവിനായി മേൽക്കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും നടപടിയെടുത്തിട്ടില്ല. രാഷ്ട്രപതി ദയാഹർജി തള്ളിയാലാണ് കുറ്റവാളികളെ തൂക്കിലേറ്റാനുള്ള സാഹചര്യം ഒരുങ്ങുന്നത്. എന്നാൽ ഇവരിൽ പലർക്കും മേൽക്കോടതി നടപടികൾ വരെ പൂർത്തിയായിട്ടില്ല. തൂക്കുകയർ കാത്തു കിടക്കുന്നവരിൽ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിൽ വധശിക്ഷ ലഭിച്ച പൊലീസുകാരായ ജിതകുമാറും ശ്രീകുമാറും ഉൾപ്പെടുന്നുണ്ട്. ഇവരെ തൂക്കി കൊല്ലരുതെന്ന് എന്തുകൊണ്ടാണ് നിമിഷപ്രിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവർ ചോദിക്കുന്നില്ല.

ഈ വർഷം(2025 ) കേരളത്തിൽ വധശിക്ഷ ലഭിച്ച ഏക കുറ്റവാളി അസഫാക്ക് ആലമായിരുന്നു.ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ബീഹാർ സ്വദേശിയായ അസഫാക്ക് ആലത്തിനെ തൂക്കി കൊല്ലാൻ വിധിച്ചത്.മറ്റൊരു ശിക്ഷയും ഈ കുറ്റവാളിക്ക് പകരമാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.

പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാം, അസം സ്വദേശി പ്രദീബ് ബോറ, ഒരുമനയൂർ കൂട്ടക്കൊലക്കേസ് പ്രതി റെജികുമാർ, മാവേലിക്കര സ്മിത വധക്കേസ് പ്രതി വിശ്വരാജൻ, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, കോളിയൂർ കൊലക്കേസ് പ്രതി അനിൽകുമാർ, വണ്ടിപ്പെരിയാറിൽ യുവതിയെയും മകളെയും പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രൻ, മണ്ണാർകാട്ട് 2015ൽ ലാലപ്പൻ, പ്രസന്നകുമാരി, പ്രവീൺലാൽ എന്നിവരെ വധിച്ച കേസിലെ പ്രതി ഉത്തർപ്രദേശുകാരനായ നരേന്ദ്രകുമാർ, മകളുടെ കൂട്ടുകാരിയായ ഒമ്പത് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നാസർ, സ്ത്രീയെ പീഡിപ്പിച്ചുകൊന്ന അബ്ദുൽ ഗഫൂർ, കുണ്ടറ ആലീസ് വധക്കേസ് പ്രതി ഗിരീഷ് കുമാർ, സോജു, ജെറ്റ് സന്തോഷ് വധക്കേസ് പ്രതി അനിൽകുമാർ, എറണാകുളത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തി മൂന്നുപേരെ കൊന്ന കേസിലെ പ്രതിയും തിരുച്ചിറപ്പള്ളി സ്വദേശിയുമായ എഡിസൻ, മാവേലിക്കരയിൽ ദമ്പതികളെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സുധീഷ് എന്നിവരാണ് മരണശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർ.

നിമിഷപ്രിയയുടെ മോചനത്തിനെതിരെപരസ്യമായി രംഗത്ത് വന്നത് നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ ആണ്.അദ്ദേഹം പറഞ്ഞത് ഒരാളെ ആസൂത്രിതമായി കൊന്ന് ശരീരം 110 കഷണങ്ങളാക്കി മുറിച്ച്, വാട്ടർ ടാങ്കിൽ ഒളിപ്പിച്ച്, കടന്നുകളഞ്ഞ ഒരാൾക്ക് മാപ്പ് നൽകുന്നത് ശരിയല്ലെന്നതാണ് എന്റെ നീതിബോധം.
നിങ്ങളല്ല, ദേവേന്ദ്രൻ പറഞ്ഞാലും അതിൽ മാറ്റമില്ലെന്നാണ്.

അതേസമയം വികസിത രാജ്യങ്ങൾ വധശിക്ഷ ഒഴിവാക്കുകയാണ്.ഇന്ത്യയിലിപ്പോഴും കോടതികൾ മരണ ശിക്ഷ നൽകുന്നുണ്ട് .അപൂർവങ്ങളിൽ അപൂർവമായ കേസുകളിലാണിത്.ഭാവിയിൽ ഇന്ത്യയിലും വധശിക്ഷ ഒഴിവാക്കപ്പെടുമെന്നാണ് കരുതുന്നത്.നമ്മുടെ നാട്ടിൽ വിചാരണ കോടതി വധശിക്ഷക്ക് വിധിച്ചാൽ മേൽ കോടതികളിൽ അപ്പീലുകൾ നൽകാം .സുപ്രീം കോടതിയും ശരിവെച്ചാൽ തൂക്കു കയർ ഒഴിവാക്കാൻ രാഷ്ട്രപതിക്ക് ദയാഹർജി നൽകാം .ദയാഹർജിയും തള്ളിയാൽ മാത്രമെ ഒരാളെ തൂക്കിക്കൊല്ലാൻ കഴിയൂ.