കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂര്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ തര്‍ക്കം മുറുകുന്നു. ജയില്‍ ചാട്ടത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമായത്. കെ സുരേന്ദ്രൻ പറഞ്ഞത് ഗോവിന്ദ ചാമി ജയിൽ ചാടിയത് ജയില്‍ അധികൃതര്‍ അതറിയുന്നത് പുലര്‍ച്ചെ അഞ്ചേ കാലിന്. പൊലീസില്‍ വിവരം അറിയിക്കുന്നത് കാലത്ത് ഏഴേ കാലിന്. മതിലില്‍ വൈദ്യുതി ഫെന്‍സിംഗ്. ജയില്‍ ചാടുമ്പോള്‍ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു. സര്‍വ്വത്ര ദുരൂഹത.ഗോവിന്ദച്ചാമി ജയില്‍ ചാടിയതോ ചാടിച്ചതോ എന്ന ചോദ്യം ഉയര്‍ത്തിയും ജയില്‍ ഉപദേശക സമിതിയെ ഉള്‍പ്പെടെ സംശയ മുനയിലേക്ക് നിര്‍ത്തിയുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

ഇതിന് മറുപടിയുമായി സിപിഎം നേതാവും ജയില്‍ ഉപദേശക സമിതി അംഗവുമായ പി ജയരാജന്‍ രംഗത്തെത്തി. സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നതെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു എന്നും പി ജയരാജന്‍ പരിഹസിച്ചു.ജയരാജൻ പറഞ്ഞത് ഈ ജയില്‍ ചാട്ടത്തെ തുടര്‍ന്ന് സമൂഹത്തെ ജാഗ്രതപ്പെടുത്തുന്നതിന് പകരം ഏത് കാര്യവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന ബിജെപി നേതാവിന്റെ ഹീനമായ ശ്രമത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഉപദേശിക്കണമെന്നും താല്പര്യപ്പെടുന്നു.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് ജയില്‍ അധികൃതരുടെ സഹായത്തോടെയെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ജയില്‍ അധികൃതരുടെ സഹായമില്ലാതെ ഒരാള്‍ക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ലെന്നാണ് കരുതുന്നത്, ജയില്‍ ചാടുന്നതിന് ഗോവിന്ദച്ചാമിക്ക് അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചെന്നും വിഡി സതീശന്‍ ആരോപിച്ചു.
ഗോവിന്ദച്ചാമി രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്റെ പ്രശ്‌നമാണ്. നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായത്. എത്രയോ ദിവസങ്ങള്‍ എടുത്തായിരിക്കും ഇയാള്‍ ജയില്‍ അഴി മുറിച്ചത്. ഇത്രയും നീളത്തില്‍ തുണി എവിടെ നിന്നാണ് കിട്ടുന്നത്. സാധാരണക്കാരായ മനുഷ്യരുടെ ജാഗ്രതകൊണ്ടാണ് ഇവര്‍ പിടിയിലായത്, അവരെ അഭിനന്ദിക്കുകയാണ്. ജയില്‍ ചാടി രക്ഷപ്പെടാനുള്ള സമയം പൊലീസ് നല്‍കിയെന്നും വിഡി സതീശന്‍ പറഞ്ഞു.

മനുഷ്യാവകാശ പ്രവർത്തകനും സിസ്റ്റർ അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനറുമായ ജോമോൻ പുത്തൻപുരക്കൽ ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് .”മരിച്ചു പോയതിനാൽ അഡ്വ.ആളൂർ ഇനി രക്ഷിക്കാൻ വരില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്.ഒരു സിസ്റ്റത്തിന്റെ തകരാറായി കണ്ടാൽ മതി.”എന്നാണ്.