തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. സ്കൂളിലും വീട്ടിലും പൊതുദർശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. വിദ്യാർത്ഥികളും നാട്ടുകാരും അടക്കം ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്ക് എത്തിച്ചേർന്നത്.

മിഥുന്റെ അനുജൻ സുജിൻ ആണ് അന്ത്യകർമങ്ങൾ ചെയ്തത്. വൈകീട്ട് നാലരയോടെയാണ് സംസ്കാരം നടന്നത്. വിലാപയാത്രയായാണ് സ്കൂളിൽ നിന്ന് മിഥുന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. രാവിലെ തേവലക്കര ബോയ്‌സ് സ്‌കൂളിൽ നടന്ന പൊതുദർശനത്തിൽ നാടിന്റെ നാനാതുറകളിൽ നിന്നുമുള്ള ആളുകൾ ഒഴുകിയെത്തിയിരുന്നു. ജനപ്രതിനിധികൾ അടക്കമുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ സ്‌കൂളിൽ എത്തിയിരുന്നു.
മകന്റെ നിശ്ചല ശരീരം ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞ അമ്മ സുജ നൊമ്പരക്കാഴ്ചയായി. ഇന്നു രാവിലെ ഒൻപതു മണിയോടെയായിരുന്നു മിഥുന്റെ അമ്മ സുജ വിദേശത്ത് നിന്നും നാട്ടിലെത്തിയത്. സ്വന്തം കുടുംബത്തെ നന്നായി നോക്കാനാണ് സുജ കുവൈറ്റിൽ വീട്ടുജോലിക്ക് പോയത്. അവിടെ ജോലിചെയ്തിരുന്ന വീട്ടിലെ അംഗങ്ങൾക്കൊപ്പം തുർക്കിയിൽ വിനോദയാത്രയ്ക്ക് ഒപ്പം പോയ സമയത്താണ് മകന്റെ അപ്രതീക്ഷിത വിയോഗം അറിയുന്നത്.

മിഥുന്റെ മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈനുകൾ ഇന്ന് കെഎസ്ഇബി നീക്കം ചെയ്യും. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിലാണ് വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മിഥുന് ജീവൻ നഷ്ടമായത്.
ഷോക്കേറ്റ് മിഥുൻ മരിക്കാനിടയായ സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായാതായി ഡി.ജി.ഇ. അന്വേഷണ റിപ്പോർട്ട്. സ്‌കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. കെഎസ്ഇബി, പഞ്ചായത്ത് അധികൃതരും ആവശ്യമായ സുരക്ഷാ നടപടികൾ പാലിച്ചില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സംഭവത്തിൽ ഹെഡ്മാസ്റ്ററുടെ വീഴ്ചയെപ്പറ്റിയും റിപ്പോർട്ടിൽ പറയുന്നുണ്ട്. സുരക്ഷാ പ്രോട്ടോക്കോൾ ഒന്നും ഉറപ്പാക്കാൻ സ്‌കൂൾ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.കെ.എസ്.ഇ.ബി.യ്ക്കും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബി. തികഞ്ഞ അലംഭാവം കാട്ടിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
അപായ ലൈനിന് കീഴെ സ്‌കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്‌കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി. ഇത് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

സ്‌കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനിൽ മനുവിന്റെയും സുജയുടെയും മകനുമായ മിഥുൻ മനു (13) ഷോക്കേറ്റ് മരിച്ചത്.