വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം തലസ്ഥാനത്തോട് വിടപറഞ്ഞപ്പോൾ മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് നിരവധി പേരാണ് തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്.

ജനസാഗരത്തിന് നടുവിലൂടെ വികാരനിര്‍ഭരമായ ജനനേതാവിന്റെ വിലാപയാത്ര. സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്ന് യാത്ര തുടങ്ങിയതുമുതല്‍ വന്‍ ജനാവലിയാണ് പ്രിയ സഖാവിനെ കാണാന്‍ തടിച്ചുകൂടിയത്. പട്ടം – കേശവദാസപുരം, ഉള്ളൂര്‍ എന്നിവിടങ്ങളിലെല്ലാം നിരവധിപേര്‍ സഖാവിനെ ഒരുനോക്ക് കാണാന്‍ തടിച്ചുകൂടി.
വിലാപയാത്ര കടന്നുപോകുന്ന പ്രദേശങ്ങളിൽ ശക്തമായ ഗതാഗത നിയന്ത്രണമാണുള്ളത്. നിലവിൽ വിലാപയാത്ര തിരുവനന്തപുരം കോർപറേഷൻ പരിധി കഴിഞ്ഞതേയുള്ളൂ. വാഹനത്തിൻ്റെ വേഗത അൽപംകൂട്ടിയാണ് വിലാപയാത്ര ജന്മനാട്ടിലേയ്ക്ക് എത്താൻ ശ്രമിക്കുന്നതെങ്കിലും അലയടിച്ചെത്തിയ ജനക്കൂട്ടത്തിന് മുന്നിൽ അത് സാധ്യമാകുന്നില്ല. പ്രിയസഖാവിനെ കാണാനായി വരിമുറിയാതെ റോഡിനെ ഇരുവശവും ആളുകൾ ഒത്തുകൂടുകയാണ്.

ഉച്ചയ്ക്ക് 2.30-ന് ആരംഭിച്ച വിലാപയാത്ര മുൻകൂട്ടി നിശ്ചയിച്ച സമയങ്ങളിൽ എത്താൻ സാധിക്കാതെയാണ് മുന്നോട്ട് പോകുന്നത്. അത്രയധികം മനുഷ്യരാണ് വഴിയരികിൽ മണിക്കൂറുകളോളം കാത്തുനിൽക്കുന്നത്.
കഴക്കൂട്ടത്തും അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനെത്തിയ ജനങ്ങളെക്കൊണ്ട് വഴികള്‍ നിറഞ്ഞു. വയോധികര്‍ അടക്കം നിരവധിപേരാണ് വിഎസിനെ അവസാനമായി കാണാന്‍ എത്തിയത്. കഴക്കൂട്ടത്ത് മൈക്കിലൂടെ വിളിച്ചുപറഞ്ഞാണ് ജനങ്ങളെ വഴിയില്‍ നിന്ന് മാറ്റുന്നത്. റോഡിന് ഇരുവശത്തും തിങ്ങി നിറഞ്ഞിരിക്കുന്ന ജനങ്ങള്‍ക്ക് നടുവിലൂടെ പതുക്കെയാണ് വിലാപയാത്ര കടന്നുപോകുന്നത്.
രാവിലെ 9 മുതല്‍ ആരംഭിച്ച ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം രണ്ടോടെയാണ് അവസാനിച്ചത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നല്‍കിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. വിലാപയാത്രക്കായി പ്രത്യേകം സജ്ജീകരിച്ച ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. ഇന്ന് പുലര്‍ച്ചയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും.

സാധാരണ കെഎസ്ആര്‍ടിസി ബസില്‍ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാര്‍ട്ടീഷന്‍ ഉള്ള ജെ എന്‍ 363 എ സി ലോ ഫ്‌ലോര്‍ ബസാണ് (KL 15 A 407) വി എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുഷ്പങ്ങളാല്‍ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്.
നാളെ രാവിലെ 10 മണിയോടെ സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ചടങ്ങുകളോടെയാണ് സംസ്‌കാരം.
