ശക്തമായ ഭൂകമ്പത്തെ തുടർന്ന് റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു.റഅതിനു പിന്നാലെ അമേരിക്കയിലെ ഹവായ്, അലാസ്‌ക തീരങ്ങളിൽ കൂറ്റൻ സുനാമി തിരമാലകൾ അടിച്ചു.
റഷ്യയുടെ കാംചത്ക തീരത്ത് റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തിയ സുനാമിയാണ് ദുരന്തം വിതച്ചത്.നാശനഷ്ടങ്ങളുടെ കണക്ക് അറിവായിട്ടില്ല.ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം പെട്രോപാവ്‌ലോവ്‌സ്കിൽ നിന്ന് ഏകദേശം 134 കിലോമീറ്റർ തെക്ക് കിഴക്കൻ ഭാഗത്താണ്. 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 2011-ലെ ജപ്പാൻ ഭൂകമ്പത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നാണിത്.

റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ നാല് മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.തീരദേശ കെട്ടിടങ്ങൾ വെള്ളത്തിൽ മുങ്ങുകയും കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുനുണ്ട്. കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്ന് കാംചത്ക ഗവർണർ വ്‌ളാഡിമിർ സോളോഡോവ് പറഞ്ഞു.
റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. രാജ്യത്തിൻ്റെ പസഫിക് തീരങ്ങളിലുമായി ഒരു മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകൾ എത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
റഷ്യയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെയാണ് അമേരിക്കയിലെ ഹവായ്, അലാസ്‌ക തീരങ്ങളിൽ കൂറ്റൻ സുനാമി തിരമാലകൾ ആഞ്ഞടിച്ചത് . റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.

കടൽതീരത്ത് നിന്ന് ആളുകൾ സുരക്ഷിത മേഖലകളിലേക്ക് മാറിതാമസിക്കണമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ വെതർ സർവീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് മുതൽ നാല് മീറ്റർ ഉയരമുള്ള സുനാമി തിരമാലകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒന്നിലധികം തിരമാലകൾ വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ കടൽതീരങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും വെതൽ സർവ്വീസ് പ്രാദേശിക ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജപ്പാനിൽ ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെയും തീരപ്രദേശങ്ങളിലെ ജനങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു . 2011-ൽ ജപ്പാനിൽ ആഞ്ഞടിച്ച സുനാമിയിൽ ഫുകുഷിമ ആണവ നിലയം തകർന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
ജപ്പാനിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, തുറമുഖങ്ങൾക്കും മറ്റ് ചില അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.ചിലയിടങ്ങളിൽ തിമിംഗലങ്ങൾ കരയ്ക്കടിഞ്ഞതായും വിവരങ്ങളുണ്ട്.

ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സുനാമി ഉണ്ടായത് 2004 ഇന്ത്യ മഹാസമുദ്രത്തിലായിരുന്നു. ഡിസംബർ 26 ന് ദുരന്തം വിതച്ച സുനാമിയുടെ തീവ്രത റിക്ടർ സ്കെയിലിൽ 9.1 – 9.3 ആയിരുന്നു. ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറൻ തീരത്തായിരുന്നു പ്രഭവകേന്ദ്രം.
ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. 14 രാജ്യങ്ങളിലായി ഏകദേശം 2.5 ലക്ഷത്തോളം ആളുകൾ മരിച്ചു. അല്ലെങ്കിൽ കാണാതായി.
ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത് .1.3 ലക്ഷത്തിലധികം മരണം ഉണ്ടായി എന്നാണ് കണക്ക്. ശ്രീലങ്കയിൽ 35,000-ത്തിലധികം പേരും ഇന്ത്യയിൽ 16,000-ത്തിലധികം പേരും തായ്‌ലൻഡിൽ 8,000-ത്തിലധികം പേരും മരിച്ചു. കേരളത്തിലെ തീരപ്രദേശങ്ങളിലും ഇത് വലിയ നാശനഷ്ടങ്ങളുണ്ടാക്കി.

ഇന്ത്യൻ പ്ലേറ്റും ബർമ മൈക്രോപ്ലേറ്റും തമ്മിലുള്ള സംഘർഷമാണ് ഈ സുനാമിക്ക് കാരണമായത്. 1200 കിലോമീറ്ററോളം നീളത്തിൽ സമുദ്രത്തിൻ്റെ അടിത്തട്ട് വിണ്ടുകീറി. 30 മീറ്ററിലധികം ഉയരമുള്ള തിരമാലകൾ രൂപപ്പെട്ടു. മണിക്കൂറിൽ 800 കിലോമീറ്ററിലധികം വേഗതയിലാണ് തിരമാലകൾ ആഞ്ഞടിച്ചത്.