യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന വാർത്ത നിഷേധിച്ച് സുരേഷ്‌കുറുപ്പ്

സുരേഷ് കുറുപ്പ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് മുൻ എംപിയും മുൻ എംഎൽഎയും സിപിഎം നേതാവുമായ സുരേഷ് കുറുപ്പ്.നിഷേധക്കുറിപ്പ് തന്റെ ഫേസ് ബുക്കിലാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.പോസ്റ്റിന്റെ പൂർണ രൂപം താഴെ :

“കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യൂസ്‌ 18 ചാനലും അതിനെ തുടർന്ന് മറ്റു ചിലരും എന്നെക്കുറിച്ച് തികച്ചും വാസ്തവവിരുദ്ധമായ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഏറ്റുമാനൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മൽസരിക്കാൻ പോവുകയാണ് എന്നതാണ് ഈ പ്രചാരണം.

ഞാൻ 1972 ൽ സിപിഐ (എം) ൽ അംഗമായതാണ്. അന്നു തൊട്ട് ഇന്നുവരെ സിപിഐ (എം) ന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും എനിക്കില്ല. പാർട്ടി എൻ്റെ രാഷ്ട്രീയജീവിതത്തിൻ്റെ പ്രതിരൂപവും പതാകയുമാണ്.

ഞാൻ രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല. തിരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ എനിക്ക് പ്രധാനമല്ല. എൻ്റെ ഇടതുപക്ഷരാഷ്ട്രീയപ്രവർത്തനത്തിൻ്റെ ഭാഗമായി വന്ന അവസരങ്ങൾ മാത്രമായിരുന്നു അതെല്ലാം തന്നെ. എന്റെ രാഷ്ട്രീയമാണ് എനിക്ക് മുഖ്യം എന്ന് എന്നെ സ്നേഹിക്കുന്ന മിത്രങ്ങളേയും എന്നിൽ വിശ്വാസമർപ്പിച്ചിട്ടുള്ള ജനങ്ങളേയും എനിക്കറിയാത്ത കാരണങ്ങളാൽ എന്നോട് ശത്രുഭാവേന പ്രവർത്തിക്കുന്നവരേയും അറിയിക്കട്ടെ”

സുരേഷ്‌കുറുപ്പ് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് എന്തടിസ്ഥാനത്തിലാണ് വാർത്ത കൊടുത്തതെന്ന് ഈ വാർത്ത പ്രസിദ്ധീകരിച്ചവരാണ് മറുപടി പറയേണ്ടത്.നിലവിൽ സിപിഐ(എം) ലെ ശ്രീ. വി എൻ വാസവൻ ആണ് ഏറ്റുമാനൂർ എം എൽ എ.. അദ്ദേഹം തുറമുഖ, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രിയും, മുൻപ് സിനിമ,സാംസ്കാരിക – രജിസ്ട്രെഷൻ വകുപ്പുകളുടെ കൂടി ചുമതലയുള്ള മന്ത്രിയായിരുന്നു .

സുരേഷ്‌കുറുപ്പ് ഒരിക്കലും അധികാരത്തിന്റെ പിന്നാലെ പോയിട്ടില്ല.ഇക്കാര്യം അദ്ദേഹത്തെ അറിയുന്നവർക്കറിയാം.അടുത്ത കാലത്ത് ചില അഭിപ്രായ വ്യത്യാസങ്ങൾ മൂലം സിപിഎമ്മുമായി അൽപ്പം അകൽച്ച ഉണ്ടെങ്കിലും പാർട്ടി വിരുദ്ധ പ്രവർത്തനമോ മറ്റൊരു പാർട്ടിയിലോ മുന്നണിയിലോ ചേരാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.അദ്ദേഹത്തിന്റെ പ്രതിഛായയെ കരിവാരി തേക്കാനുള്ള ബോധ പൂർവമായ ശ്രമമാണ് യുഡിഎഫ് സ്ഥാനാർത്ഥിയെന്ന വാർത്തയുടെ പിന്നിലുള്ളത്.സുരേഷ്‌കുറുപ്പ് സിപിഎമ്മിൽ അടിയുറച്ച് നിൽക്കുമെന്നാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നത്.