പത്തനംതിട്ട സിപിഎമ്മില്‍ സൈബർ പോര് രൂക്ഷം;കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി’

പത്തനംതിട്ട സിപിഎമ്മില്‍ സൈബർ പോര് രൂക്ഷമാകുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആർ സനൽ കുമാറിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ‘കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി’ എന്നാണ് സനലിൻ്റെ നിലപാട് എന്നാണ് വിമർശനം. ‘ആറന്മുളയുടെ ചെമ്പട’ എന്ന അക്കൗണ്ടിലൂടെയാണ് മന്ത്രി വീണാ ജോർജിനെ അനുകൂലിച്ചും സനൽ കുമാറിനെ വിമർശിച്ചും തുടർച്ചയായി പോസ്റ്റുകൾ വരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി എം വി ഗോവന്ദൻ, മന്ത്രിമാരായ സജി ചെറിയാൻ, വി ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവരെ ടാഗ് ചെയ്താണ് ആറന്മുളയുടെ ചെമ്പട എന്ന പേജിൽ സനല്‍കുമാറിനെതിരായ വിമർശനം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആറന്മുളയുടെ ചെമ്പട ഫേസ് ബുക്ക് അക്കൗണ്ടിൽ വന്ന പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ :

“ജില്ലാ സെക്രട്ടറി ആകുന്നതിനു വേണ്ടി ആർ സനൽ കുമാർ സ്വന്തമായി കുപ്പായം തുന്നി കൊണ്ടുവന്നത് ജില്ലാ സമ്മേളനത്തിൽ നടക്കാതെ പോയതിന്റെ വൈരാഗ്യത്തിൽ,പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിനോടും മുഖ്യമന്ത്രി പിണറായി വിജയനോടുമുള്ള അടങ്ങാത്ത പകയാണ് മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം തകർന്നുവീണപ്പോൾ പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ സനൽകുമാർ പാർട്ടിയെയും സർക്കാരിനെയും താറടിച്ചുകൊണ്ട് വേട്ടയാടിയത്…

ആർ സനൽ കുമാറെന്ന സായിപ്പ് ടോണിയോടാണ് പറയുന്നത്.
ഈ പാർട്ടിയെയും, പാർട്ടി വളർത്തിയ ആരോഗ്യ മന്ത്രിയെയും, ഈ പാർട്ടിയുടെ ഗവണ്മെന്റിനെയും, മുഖ്യമന്ത്രിയെയും, പാർട്ടി സെക്രട്ടറിയെയും നീ തകർക്കാൻ ജോൺസനേയും രാജീവിനെയും പോലുള്ളവരെ കൂട്ടി ഇറങ്ങി പാർട്ടിക്കെതിരെയും പാർട്ടി തീരുമാനത്തിനെതിരെയും ഫേസ്ബുക് പോസ്റ്റ്‌ ഇട്ടു പാർട്ടിയെ തകർക്കാൻ ശ്രെമിച്ചാൽ, ഈ പാർട്ടി അതിനെ മറികടക്കുക തന്നെ ചെയ്യും..

“പാർട്ടി കൂട്ടി കൊണ്ട് പോയി സനൽകുമാറിന് തിന്നാൻ കൊടുത്തു, കുടിക്കാൻ കൊടുത്തു, നേരെ നിവർന്നു നിൽക്കാൻ പ്രാപ്തനാക്കി. അങ്ങനെയാണ് സനൽകുമാർ ഇപ്പോളത്തെ സനൽ കുമാറായി മാറിയത്. അങ്ങനെ നേരെ നിൽക്കാൻ പ്രാപ്തനായതിനു ശേഷം സനൽ കുമാർ, സായിപ്പ് ടോണിയായി മാറി പാർട്ടിയെയും ഗവണ്മെന്റിനെയും തകർക്കാൻ ജോൺസനേയും രാജീവിനെയും പറഞ്ഞു വിട്ടാൽ പൊന്നുമോനെ സനൽ കുമാറേ, ഈ പാർട്ടിക്ക് സംസ്ഥാനത്തും ജില്ലയിലും വേറെയുമുണ്ട് മക്കൾ.

ആ പാർട്ടിയുടെ മക്കൾ ഇറങ്ങി നിന്ന് തന്നെ ഈ പാർട്ടിയെയും സർക്കാരിനെയും സംരക്ഷിക്കും.. അത് ചെയ്യാനും പറയാനും ഈ സംസ്ഥാനത്തു മേരി ടീച്ചറുടെ മക്കൾക്ക് അറിയാമെന്നു മറക്കണ്ട.”പാർട്ടിയാണ് വലുത്.. അതിനു മുകളിൽ രക്തസാക്ഷികൾ മാത്രം…

വരാൻ പോകുന്ന 2026 നിയമസഭ തിരഞ്ഞെടുപ്പിൽ സ:പിണറായി വിജയൻ സർക്കാരിനും, പാർട്ടിക്കും അഥവാ തുടർഭരണം നഷ്ടമാകുവാണേൽ, അതിനു കാരണമായേക്കാവുന്ന ഏറ്റവും വലിയ ഗുരുതരമായ പ്രവർത്തിക്കും, പ്രചാരണത്തിനും കാരണമാകതക്ക വിധത്തിൽ ആരോഗ്യമന്ത്രിയെയും, ആരോഗ്യമേഖലയെയും, സർക്കാരിനെയും, മുഖ്യമന്ത്രിയെയും ഉൾപ്പെടെ തറടിച്ചു കാണിച്ച ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ സനൽ കുമാറിന്റെ കരുതി കൂടിയുള്ള പ്രവർത്തിയുടെ പിന്നിലെ വൈരാഗ്യം എന്തൊക്കെ?

ആരോടെല്ലാമാണ് സനൽ കുമാറിന് പക?
ആരുടെ നിർദ്ദേശനുസരണമാണ് പാർട്ടിയെയും സർക്കാരിനെയും വലിച്ചു താഴെ ഇടാൻ സനൽ കുമാർ കരുക്കൾ നീക്കുന്നത്?

സനൽ കുമാറിന്റെ ബിജെപി ബന്ധങ്ങളുടെ ആഴം എന്ത്?