സാമ്പത്തിക തട്ടിപ്പ് ;നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും എതിരെ കേസ്

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും എതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ‘ആക്ഷൻ ഹീറോ ബിജു 2’ സിനിമയുടെ നിർമാണത്തിന്റെ പേരിൽ 1.9 കോടി രൂപ തട്ടിയെടുത്തുന്ന പരാതിയിലാണ് നടപടി. തലയോലപ്പറമ്പ് പൊലീസാണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്.

നിവിൻ പോളി നായകനായ മഹാവീര്യർ സിനിമയുടെ നിർമാതാവാണ് ഷംനാസ്. സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടർന്നു 95 ലക്ഷം രൂപ നൽകാമെന്നും ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ നിർമാണ പങ്കാളിയാക്കാമെന്നും നിവിൻപോളി വാക്കുനൽകിയെന്ന് പരാതിയിൽ പറയുന്നു.

2024 ഏപ്രിലിൽ സിനിമാ ഷൂട്ടിംഗിനായി 1.9 കോടി തന്നെ കൊണ്ട് ചെലവഴിപ്പിച്ചുവെന്നും സിനിമയുടെ ടൈറ്റിൽ എബ്രിഡ് ഷൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിന്നും തന്റെ സ്ഥാപനമായ ഇന്ത്യൻ മൂവി മേക്കേഴ്സിൻ്റെ ബാനറിലേക്ക് മാറ്റിയെന്നും എന്നാൽ ഇതിനുശേഷം ‌സിനിമയുടെ ബജറ്റ് സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് മറ്റൊരു കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് 5 കോടിയുടെ ഓവർസീസ് വിതരണാവകാശം ഉറപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.