കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് അടിത്തറപാകിയ ഭരണാധികാരിയായിരുന്ന കെ കരുണാകരന്റെ 107 -ാം ജന്മദിനമാണ് ഇന്ന്. തെക്കേടത്ത് രാവുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി അമ്മയുടെയും മകനായി 1918 ജൂലൈ 5 ന് കണ്ണൂരിനടുത്ത് ചിറക്കലിൽ ഒരു നായർ-മാരാർ കുടുംബത്തിലാണ് കരുണാകരൻ ജനിച്ചത്. കരുണാകരന്റെ പത്നി കല്യാണിക്കുട്ടിയമ്മ.മക്കൾ കെ മുരളീധരനും പത്മജ വേണുഗോപാലും. കെ മുരളീധരൻ സമുന്നത കോൺഗ്രസ് നേതാവാണ്. പത്മജ അടുത്തകാലത്ത് കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തി. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1993-ലാണ് കല്യാണിക്കുട്ടിയമ്മ അന്തരിച്ചത്. ഭാര്യയുടെ വിയോഗം അദ്ദേഹത്തെ ദുഖത്തിലാക്കി.
1977, 1981 മുതൽ 1982 മാർച്ച് വരെയും, 1982 മെയ് മുതൽ 1987 വരെയും, 1991 മുതൽ 1995 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. യുഡിഎഫ് എന്ന മുന്നണിയുടെ സ്ഥാപകനായിരുന്നു ലീഡർ.
കേന്ദ്ര മന്ത്രിയെന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം പ്രശംസനീയമായിരുന്നു. മതനിരപേക്ഷതയുടെ ശബ്ദം ദേശീയതലത്തിൽ വരെ ഉയർത്തിയ നേതാവായിരുന്നു അദ്ദേഹം. നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ചാണക്യനായിരുന്നു ലീഡർ. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുമായും രാജീവ് ഗാന്ധിയുമായും കരുണാകരൻ അടുത്ത ബന്ധം പുലർത്തിയിരുന്നു .
കരുണാകരന്റെ വിയോഗത്തോടെ മഹാനായ നേതാവിനെയാണ് കോൺഗ്രസിനും ഭാരതത്തിനും നഷ്ടമായത്. 23 ഡിസംബർ 2010 നാണ് ലീഡർ തൊണ്ണൂറ്റിരണ്ടാം വയസിൽ വിടവാങ്ങിയത്.