സിലബസിൽ നിന്ന് റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ

കാലിക്കറ്റ് സർവകലാശാലാ സിലബസിൽ നിന്ന് റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ. വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ബിഎ മൂന്നാം സെമസ്റ്റിലെ മലയാളം സിലബസില്‍ നിന്ന് പാട്ടുകൾ ഒഴിവാക്കാൻ ശുപാർശ ചെയ്തതെന്നാണ് റിപ്പോർട്ട്.

വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് മൈക്കിൾ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പാട്ടുമായി താരതമ്യപഠനത്തിനായാണ് സിലബസിൽ ഉൾപ്പെടുത്തിയത്. ഈ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരേ ബിജെപി സിൻഡിക്കേറ്റ് അംഗം എ.കെ അനുരാജ് ഗവർണർ വിശ്വനാഥ് അര്‍ലേക്കറിന് പരാതി നല്‍കിയിരുന്നു.

കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണ് താനെന്നും വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്നും സ്വയം സമ്മതിച്ച ആളാണ് വേടനെന്നും, പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും എ.കെ അനുരാജ് പരാതിയിൽ പറഞ്ഞിരുന്നു.

വേടൻറെ പല വിഡിയോകളിലും മദ്യം നിറച്ച ഗ്ലാസുകൾ ഉപയോഗിക്കുന്നുണ്ട്. വേടൻറെ രചന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്, ഇയാൾ ജീവിതത്തിൽ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികൾ പകർത്താൻ വിദ്യാർഥികളെ പ്രേരിപ്പിക്കൽ കൂടിയാകുമെന്ന് ആശങ്കയുണ്ട്. വേടന്റെ രചനകൾക്ക് പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ രചനകൾ പാഠഭാഗമാക്കണമെന്നും അനുരാജ് ആവശ്യപ്പെട്ടു. ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ എന്ന പാട്ടും താരതമ്യപഠനത്തിനായി തിരിഞ്ഞെടുത്തിരുന്നു. ഇതും ഒഴിവാക്കാനാണ് ശുപാർശ.