ജപ്പാനിൽ 2014 സെപ്റ്റംബർ വരെ നൂറു വയസ് (ശതാബ്ദി) പിന്നിട്ടവർ ഒരു ലക്ഷത്തിനടുത്തെത്തിയിരുന്നു. 95,119 പേർ
.2025 ജൂലൈ മാസം എത്തിയപ്പോൾ ശതാബ്ദി പിന്നിട്ടവർ ഒന്നരലക്ഷമായി .തുടർച്ചയായ 54-ാം വർഷവും ലോകത്തിൽ നൂറു വയസ് പിന്നിട്ടവരുടെ റെക്കോർഡ് ജപ്പാനാണ്. ജപ്പാനിലെ ആരോഗ്യ മന്ത്രാലയമാണ് നൂറു വയസ് പിന്നിട്ടവർ ജപ്പാനിൽ ഏകദേശം 1,46,000 പേരുണ്ടെന്ന വിവരം പുറത്തുവിട്ടത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ജപ്പാനിലെ മൂന്നിൽ ഒരാൾക്ക് 65 വയസ്സോ അതിൽ കൂടുതലോ പ്രായമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജപ്പാനിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ലോകത്തിലെ മറ്റൊരു രാജ്യത്തും അനുഭവിച്ചിട്ടില്ലാത്ത ഒരു അതിവൃദ്ധ സമൂഹത്തെ, എല്ലാ ആളുകൾക്കും മനസ്സമാധാനത്തോടെ ആരോഗ്യകരമായ ജീവിതം നയിക്കാൻ കഴിയുന്ന ഒരു സമൂഹമാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അവർ പറയുന്നു.

എന്തുകൊണ്ടാണ് ജപ്പാനിൽ വൃദ്ധരുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്നത്.?
ജപ്പാൻകാർ കൂടുതലും മീൻ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ (സോയാബീൻ ഉൽപ്പന്നങ്ങളായ ടോഫു, മിസോ), കടൽച്ചീര എന്നിവയാണ് കഴിക്കുന്നത്.ഇവയിലെല്ലാം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ധാരാളമുണ്ട്.
അവർ ചുവന്ന മാംസം വളരെ കുറച്ചേ കഴിക്കൂ.ഇത് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
മിതമായ അളവിലെ ഭക്ഷണം കഴിക്കൂ എന്നതാണ് വെറൊരു പ്രത്യേകത.’ഹാര ഹച്ചി ബു’എന്നൊരു തത്വം അവർ പിന്തുടരുന്നു. അതായത്, വയറ് 80% നിറഞ്ഞാൽ ഭക്ഷണം നിർത്തുക.ഇത് അമിതവണ്ണം ഒഴിവാക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയുടെയും കൊഴുപ്പിന്റെയും ഉപയോഗം അവർ കുറയ്ക്കുന്നു. ഗ്രീൻ ടീ ധാരാളം കുടിക്കുന്നത് ആന്റിഓക്‌സിഡന്റുകൾ ലഭിക്കാൻ സഹായിക്കുന്നു.ഇത് പല രോഗങ്ങളെയും ചെറുക്കും.
ജപ്പാൻകാർ പൊതുവെ വളരെ സജീവമായ ജീവിതശൈലി പിന്തുടരുന്നവരാണ്. നടക്കുക, സൈക്കിൾ ഓടിക്കുക, വീട്ടുജോലികൾ ചെയ്യുക, തോട്ടം പരിപാലിക്കുക എന്നിവയെല്ലാം അവരുടെ ദിനചര്യയുടെ ഭാഗമാണ്.
സമൂഹത്തിൽ പ്രായമായവരെ പലപ്പോഴും ദുർബലരായി കാണുന്നു. അതേസമയം ജപ്പാനിൽ 80 മുതൽ 90% വരെ വൃദ്ധരും യാതൊരു പരിചരണമോ സഹായമോ ഇല്ലാതെയാണ് ജീവിക്കുന്നത്. ആ വൃദ്ധർ അവരുടെ പ്രചോദനത്തിനും കഴിവിനും അനുസൃതമായി സമൂഹത്തിൽ അവരുടെ പങ്കാളിത്തം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.
നിലവിൽ പൗരന്മാരുടെ ഏറ്റവും വലിയ ആശങ്കകളിൽ ഒന്നാണ് നഴ്‌സിംഗ് പരിചരണം. വർഷങ്ങളുടെ പോരാട്ട ശ്രമങ്ങൾക്ക് ശേഷം, പുതിയ സഹസ്രാബ്ദത്തിന്റെ വർഷത്തിൽ നൂറ്റാണ്ടിലെ ഒരു മഹത്തായ പദ്ധതിയായ “ദീർഘകാല പരിചരണ ഇൻഷുറൻസ്”ജപ്പാനിൽ ആരംഭിച്ചു. ഈ ഇൻഷുറൻസ് സംവിധാനത്തിന്റെ ഫലമായി 5 വർഷത്തിനുള്ളിൽ ഒരു ദശലക്ഷം ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഒപ്പം സമൂഹത്തിൽ വിവര ആശയവിനിമയം പുരോഗമിക്കുന്നുമുണ്ട് . “ദീർഘകാല പരിചരണ ഇൻഷുറൻസ്” എന്ന പ്രധാന വാക്ക് ഉപയോഗിച്ച് ഞങ്ങൾ പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയാണെന്നാണ് ജപ്പാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
ജപ്പാനിലെ സർക്കാർ മുതിർന്നവർക്കായുള്ള ദേശീയ ആരോഗ്യ ക്ഷേമ ഉത്സവം (Nenlympics = Tree-Ring Olympics) വൃദ്ധർക്ക് സംതൃപ്തി കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും അവരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, ഓൾഡ് പീപ്പിൾസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടെ.
അടുത്ത നൂറ്റാണ്ടിൽ ലോകത്തിലെ വിവിധ രാജ്യങ്ങൾ “വയോജനങ്ങളുടെ നൂറ്റാണ്ടിലേക്ക്” പ്രവേശിക്കുമെന്നാണ് ജപ്പാൻ പറയുന്നത്. ആ രാജ്യങ്ങളിൽ പലതും ഇപ്പോൾ ദീർഘകാല പരിചരണ ഇൻഷുറൻസിനായുള്ള ശ്രമം ഉൾപ്പെടെയുള്ള ജപ്പാന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഈ അന്താരാഷ്ട്ര യുഗത്തിൽ, യഥാർത്ഥ അന്താരാഷ്ട്ര സംഭാവനകൾ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ജപ്പാൻ പറയുന്നു.
ജപ്പാനിലെ സ്ത്രീകൾ ഒരു നൂറ്റാണ്ടോ അതിൽ കൂടുതലോ ജീവിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാൾ വളരെ കൂടുതലാണെന്ന് കണക്കുകൾ കാണിക്കുന്നു.
ഇകിഗായ്’ എന്ന ആശയം.
ഇകിഗായ്’ എന്ന ജാപ്പനീസ് ആശയം അവരുടെ ജീവിതത്തിന് ഒരു ലക്ഷ്യബോധം നൽകുന്നു. ജീവിതത്തിൽ ഒരു ഉദ്ദേശ്യമുള്ളത് മാനസികാരോഗ്യത്തിനും ദീർഘായുസ്സിനും നല്ലതാണെന്ന് അവർ വിശ്വസിക്കുന്നു.
മികച്ച സാമൂഹിക ബന്ധങ്ങൾ പുലർത്തുന്നവരാണ് ജപ്പാകാർ.ഒക്കിനാവ പോലുള്ള പ്രദേശങ്ങളിൽ, കൂട്ടായ്മകൾ ഉണ്ട്. ഇത് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഒരു ചെറിയ ഗ്രൂപ്പാണ്.അവർ പരസ്പരം സാമ്പത്തികവും വൈകാരികവുമായ പിന്തുണ നൽകുന്നു. ശക്തമായ സാമൂഹിക ബന്ധങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കുകയും സന്തോഷം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മാനസികാരോഗ്യ വിദഗ്ധർ വിശദീകരിക്കുന്നുണ്ട്.
സമ്മർദ്ദം കുറയ്ക്കുന്നതിനും മാനസികാരോഗ്യത്തിനും അവർ പ്രാധാന്യം നൽകുന്നു. സെൻ ധ്യാനം, ചായ ചടങ്ങുകൾ എന്നിവ ഇതിൻ്റെ ഭാഗമാണ്.
ഇന്ത്യയിൽ കേരളം
നൂറു വയസ് പിന്നിടുന്നവർ കൂടുതലും ജപ്പാനിലാണ് .എന്നാൽ ചില രാജ്യങ്ങളിലും നൂറു വയസ് പിന്നിട്ടവർ ഉണ്ട്.
ഫ്രാൻസ് , ഇറ്റലി എന്നീ രാജ്യങ്ങളിലും 100 വയസ്സുകാരുടെ എണ്ണം കൂടുതലാണെങ്കിലും, ജപ്പാന്റെ അത്രയുമില്ല. ഉദാഹരണത്തിന്, ഫ്രാൻസിൽ ഒരു ലക്ഷം പേരിൽ 28.9 പേരും ഇറ്റലിയിൽ 26.7 പേരും 100 വയസ്സുള്ളവരാണ്.അനുപാതികമായി ജപ്പാനോട് ഏറ്റവും അടുത്ത് നിൽക്കുന്ന രാജ്യമാണ് തായ്‌ലൻഡ് .ഏകദേശം 62.4%.
മൊത്തം 100 വയസ്സുകാരുടെ എണ്ണം നോക്കുമ്പോൾ അമേരിക്ക, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ജപ്പാനെക്കാൾ കൂടുതൽ ആളുകളുണ്ടാകാം, കാരണം അവരുടെ ജനസംഖ്യ വളരെ വലുതാണ്. എന്നാൽ, ജനസംഖ്യയുടെ അനുപാതം നോക്കുമ്പോൾ ജപ്പാനാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്.ലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ – ഏകദേശം 83.7 വർഷം.ഇന്ത്യയുടെ ശരാശരി ആയുർദൈർഘ്യം ഏകദേശം 68.3 വർഷമാണ്.കേരളത്തിന് ഇത് 74.9 വർഷം.
കേരളത്തിൽ നൂറു കടന്ന പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കൾ കെ ആർ ഗൗരിയമ്മയും വിഎസ് അച്യുതാനന്ദനുമാണ്. ഗൗരിയമ്മ നിര്യതയായി. അതുപോലെ നിയമജ്ഞനായ വി ആർ കൃഷ്ണഅയ്യർ നൂറു കടന്ന ശേഷമാണ് വിട വാങ്ങിയത്. സാഹിത്യകാരനായ എം കെ സാനു മാസ്റ്റർ നൂറിനു അടുത്തെത്തിയിരിക്കുകയാണ്.
ഇന്ത്യയിൽ കേരളം ആയുർദൈർഘ്യത്തിൽ മുന്നിട്ടുനിൽക്കുമ്പോഴും ജപ്പാൻ്റെ സമഗ്രമായ ആരോഗ്യ സമീപനവും ജീവിതശൈലിയും ആയുസ്സ് കൂട്ടുന്നുണ്ട്. ഇന്ത്യക്ക് പൊതുവെയും കേരളത്തിന് പ്രത്യേകിച്ചും ജപ്പാനിൽ നിന്ന് പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.
