തെന്നിന്ത്യന്‍ നടിയായ മീന ബിജെപിയില്‍ ചേരുമെന്നും പാര്‍ട്ടിയില്‍ സുപ്രധാന ചുമതലവഹിക്കുമെന്നും സൂചന. തമിഴ് നാട്ടിലെ പല പ്രമുഖരും ബിജെപിയില്‍ ചേരാനൊരുങ്ങുകയാണെന്നായിരുന്നു ഇതേപ്പറ്റിയുള്ള ചോദ്യത്തിന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്റെ മറുപടി. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ മീന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് അവരുടെ ബിജെപി പ്രവേശത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങളും പ്രചരിക്കാന്‍ തുടങ്ങിയത്.
“ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ജിയോടൊപ്പം. നിങ്ങളെ കാണാൻ കഴിഞ്ഞത് ഒരു ബഹുമതിയായി തോന്നി. സർ. നിങ്ങളിൽ നിന്ന് വളരെയധികം കാര്യങ്ങൾ പഠിച്ചു, അത് എന്റെ ഭാവി ആത്മവിശ്വാസത്തോടെ നയിക്കാൻ എന്നെ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ സമയത്തിന് വളരെ നന്ദി.”
തമിഴ് നാട്ടിലെ ബിജെപി ഭാരവാഹികളുടെ പട്ടിക ഉടന്‍ പുറത്തുവരും. അതില്‍ മീനയ്ക്കും നേരത്തേത്തന്നെ ബിജെപിയില്‍ ചേര്‍ന്ന ഖുശ്ബുവിനും സുപ്രധാനചുമതലകള്‍ ലഭിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനോട് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകര്‍ ഇതേപ്പറ്റി ചോദിച്ചെങ്കിലും അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല. തമിഴ്നാട്ടില്‍ പല പ്രമുഖരും ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ള വിജയസാധ്യതയെയാണ് അത് സൂചിപ്പിക്കുന്നത് എന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിവിധ റിയാലിറ്റി ഷോകളിൽ വിധികർത്താവായി ടെലിവിഷനിൽ നിറഞ്ഞുനിൽക്കുകയാണ് താരം. ബാലതാരമായാണ് മീന സിനിമാ ജീവിതം ആരംഭിച്ചത്. നെഞ്ചങ്കൾ, എങ്കെയോ കെട്ട കുറൽ, അൻപുള്ള രജനീകാന്ത് തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. പിന്നീട് യജാമൻ, എൻ രാജാവിൻ മനസ്സിലെ, മുത്തു തുടങ്ങിയ ഹിറ്റുകളിലൂടെ അവർ മുൻനിരതാര പദവിയിലേക്ക് ഉയർന്നു.
രജനീകാന്ത്, കമൽഹാസൻ, അജിത് തുടങ്ങിയവരുടെ നായികയായി. മലയാളം, തെലുങ്ക്, കന്നഡ സിനിമകളിലും ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കി. മലയാളത്തിൽ മോഹൻലാല്‍- മീന ഹിറ്റ് ജോഡിയായാണ് അറിയപ്പെടുന്നത്. ദൃശ്യം 3 പുറത്തിറങ്ങുന്നതിന് മുൻപ് മീനയുടെ ബിജെപി പ്രവേശനമുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്മോഹൻലാലും മീനയും വീണ്ടും ഒന്നിക്കുന്ന ദൃശ്യം 3ന്റെ ചിത്രീകരണം ഉടനെ തുടങ്ങുമെന്നാണ് സൂചന .