പ്രതിരോധ കുത്തിവയ്പ്പിന് ശേഷവും പേവിഷബാധ

കേരളത്തിൽ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധയേറ്റ മൂന്നാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട ജില്ലയിലാണ് സംഭവം. ഏപ്രില്‍ 9ന് 13 കാരി മരിച്ചത് പേവിഷ ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മി ആണ് പേവിഷ ബാധയേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ഡിസംബര്‍ 13ന് ആയിരുന്നു കുട്ടിയ്ക്ക് നായയുടെ കടിയേറ്റത്. ഇതേ തുടര്‍ന്ന് കുട്ടിയെ ജില്ല ആശുപത്രിയിലെത്തിച്ച് വാക്‌സിന്‍ ഡോസ് എടുത്തിരുന്നു. എന്നാല്‍ ഏപ്രില്‍ 3ന് കുട്ടി പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. കുട്ടിയെ ആക്രമിച്ച നായ മൂന്നാം നാള്‍ ചത്തു. പബ്ലിക് ഹെല്‍ത്ത് ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

കൃത്യമായി വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും എടുത്തിട്ടും കൊല്ലം ജില്ലയില്‍ ഏഴ് വയസ്സുകാരിക്കും പേ വിഷബാധ ഉണ്ടായി. ഇതേ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ കുട്ടി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്എടി ആശുപത്രി വെന്റിലറ്ററില്‍ കഴിയുകയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് വീടിനുള്ളില്‍ കഴിയുകയായിരുന്ന എട്ട് വയസുകാരിക്ക് അപ്രതീക്ഷിതമായി തെരുവുനായയുടെ കടിയേല്‍ക്കുന്നത്.

മലപ്പുറത്ത് നിന്നും വാക്സിന്‍ എടുത്തിട്ടും പേവിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരണപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ സന ഫാരിസാണ് മരണപ്പെട്ടത്. പ്രതിരോധ വാക്സിന്‍ എടുത്തിട്ടും കുഞ്ഞിന് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 29 നാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടി മിഠായി വാങ്ങാനായി പുറത്തുപോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന തെരുവ് നായ വ്യാപനവും , പേവിഷ ബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയേൽക്കുന്നുവെന്ന റിപ്പോർട്ടുകൾ കൂടി വന്നതോടെ ജനങ്ങൾക്കിടയിൽ വലിയ രീതിയില്‍ ആശങ്ക ഉയരുന്നുണ്ട്.