പൊതുതാൽപര്യഹർജികൾക്കു തുടക്കം കുറിച്ച ശ്രീ നവാബ് രാജേന്ദ്രനെകുറിച്ച് ശ്രീ ജോമോൻ പുത്തൻപുരക്കൽ എഴുതിയ കുറിപ്പ്
നവാബ് രാജേന്ദ്രൻ മരിച്ചിട്ടു ഒക്ടോബർ 10ന് 21വർഷം തികയുന്നു, 2003 ഒക്ടോബർ 10 ന് ആണ് നവാബ് മരിച്ചത്.
കേരളത്തിൽ പൊതുതാത്പര്യ വ്യവഹാരങ്ങൾ നടത്തുവാൻ ആർക്കും ധൈര്യം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ധൈര്യപൂർവ്വം അഴിമതി, സ്വജനപക്ഷപാതം, അധികാരദുർവിനിയോഗം ഇതിനെതിരെയെല്ലാം ശക്തമായ നിലപാടു സ്വീകരിച്ച് പൊതുതാത്പര്യ വ്യവഹാരത്തിനു സ്വന്തമായ ഒരു പാത വെട്ടിത്തെളിച്ചിട്ടുള്ള ഒരു വ്യക്തിയാണ് നവാബ് രാജേന്ദ്രൻ. അദ്ദേഹത്തോടുള്ള ബഹുമാനത്തിന് എനിക്ക് അന്നും ഇന്നും കുറവൊന്നുമില്ല. എന്നാൽ നവാബിന്റെ ബലഹീനതകൾ വെച്ച് ചിലർ അദ്ദേഹത്തെ മുതലെടുത്തതിന്റെ പേരിലാണ് ഞാൻ നവാബ് രാജേന്ദ്രനെ പ്രതിയാക്കി കോടതിയിൽ അപകീർത്തിക്കേസ് ഫയൽ ചെയ്തത്. ഒരു പക്ഷെ നവാബിനെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്ത ഏക വ്യക്തി ഞാനായിരിക്കാം. ആ അപകീർത്തിക്കേസിന് ആസ്പദമായ സംഭവത്തിലേക്കു കടക്കാം.
ഞാൻ ഒരു സ്വാതന്ത്ര്യ സമരസേനാനിയോടൊപ്പം ട്രെയിനിൽ ഡൽഹിയ്ക്കു സൗജന്യയാത്ര നടത്തിയെന്നും അതിനു ശേഷം ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് സ്വാതന്ത്ര്യസമര സേനാനിയുടെയും എന്റെയും പേരിൽ സൗജന്യ ടിക്കറ്റ് എടുത്ത് വേറൊരാൾക്ക് ആയിരം രൂപയ്ക്ക് മറിച്ചു വിറ്റുവെന്നും നവാബ് രാജേന്ദ്രൻ എനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചത് നവാബ് രാജേന്ദ്രന്റെ ആത്മകഥയായ “ഒരു മനുഷ്യാവകാശപ്രവർത്തകന്റെ പോരാട്ടം” എന്ന 2000 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലായിരുന്നു. ഇതിനെതിരെ ഞാൻ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നവാബ് രാജേന്ദ്രനെ പ്രതിയാക്കി അപകീർത്തിക്കേസ് ഫയൽ ചെയ്തു. കേന്ദ്ര സർക്കാറിന്റെ പെൻഷനുള്ള സ്വാതന്ത്ര്യസമരസേനാനിയ്ക്ക് ട്രെയിനിൽ AC കോച്ചിൽ സർക്കാർ അനുവദിച്ചിട്ടുള്ള സൗജന്യയാത്രയിൽ കംപാനിയൻ ആയി ഒരു വ്യക്തിയ്ക്കു കൂടി സൗജന്യമായി യാത്ര ചെയ്യുവാൻ കഴിയും. സ്വാതന്ത്ര്യസമര സേനാനിയുടെ പേരിലുള്ള, മറ്റൊരാൾക്കു വിറ്റുവെന്ന് പറഞ്ഞ, ഒറിജിനൽ ടിക്കറ്റ് കോടതിയിൽ ഞാൻ ഹാജരാക്കിയതോടെ രാജേന്ദ്രനോട് നേരിട്ടു ഹാജരാകാൻ കോടതി ഉത്തരവിട്ടു. കോടതിയിൽ നിന്നും പല സമൻസ് അയച്ചിട്ടും കൈപ്പറ്റാതെ മടങ്ങിവന്നു. ഒടുവിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ SI യുടെ അധികാരപരിധിയിൽ വരുന്ന രാജേന്ദ്രൻ താമസിക്കുന്ന മാസ്സ് ഹോട്ടലിലെ റൂമിൽ ഞാൻ SI യെ കൂട്ടിക്കൊണ്ടു പോയി സമൻസ് റൂമിൽ പതിച്ചു. അതിനെ തുടർന്ന് രാജേന്ദ്രൻ പിറ്റേ അവധിക്കു കൃത്യമായി കോടതിയിൽ ഹാജരായി ജാമ്യം എടുത്തു. അതിനു ശേഷം ഒരു മാസം കഴിഞ്ഞപ്പോൾ അപകീർത്തിക്കേസ് സ്റ്റേ ചെയ്യാൻ നവാബ് ഹൈക്കോടതിയിൽ ഹർജി കൊടുത്തു. കോടതിയിൽ നവാബ് തന്നെയാണ് നേരിട്ടു ഹാജരായത്. അന്നു കേസ് പരിഗണിച്ചത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് N കൃഷ്ണൻ നായർ ആയിരുന്നു. ജഡ്ജി രാജേന്ദ്രനോട് “ഹർജി എന്താണ്” എന്നു ചോദിച്ചു. അപ്പോൾ രാജേന്ദ്രൻ പ്രതിയായിട്ടുള്ള അപകീർത്തിക്കേസ് സ്റ്റേ ചെയ്യണമെന്നാണെന്നു പറഞ്ഞു. “രാജേന്ദ്രനെ പ്രതിയാക്കി കേസ് കൊടുത്തത് ആരാണ്? കടുവയെ കിടുവ പിടിച്ചോ” എന്നു ജഡ്ജി ചോദിച്ചു. അതിനു ശേഷം ഹൈക്കോടതി കേസ് സ്റ്റേ ചെയ്തു. പിന്നീട് രാജേന്ദ്രൻ കോട്ടയം TB റോഡിലുള്ള ഇൻഡ്യൻ കോഫി ഹൗസിൽ വെച്ച് എന്നെ കണ്ടപ്പോൾ എനിക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കേണ്ടി വന്നത് അന്നു കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് ആയിരുന്ന KT മൈക്കിളിന്റെ സമ്മർദ്ദത്തിനുവഴങ്ങിയാണെന്നു പറഞ്ഞിരുന്നു. നവാബ് എന്നോടു ക്ഷമ പറയുകയും ചെയ്തു. 2003 ഒക്ടോബർ 10 ന് നവാബ് മരിച്ചതിനെ തുടർന്ന് നവാബ് പ്രതിയായ അപകീർത്തിക്കേസും കോടതി അവസാനിപ്പിച്ചു.
അഭയ കേസിൽ CBI അന്വേഷണം ഊര്ജിതപ്പെടുത്തുവാൻ വേണ്ടി രാഷ്ട്രപതിയ്ക്കു നേരിട്ടു നിവേദനം നൽകാനായാണ് കേരള എക്സ്പ്രസ് ട്രെയിനിൽ അഭയ കൗൺസിൽ അംഗവും സ്വാതന്ത്ര്യസമര സേനാനിയുമായ ജോണിനോടൊപ്പം ഞാൻ 1997 സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ എത്തിയത്. ജോണും ഞാനും കേരള ഹൗസിലാണ് താമസിച്ചത്. അവിടെ നവാബ് രാജേന്ദ്രനും താമസിക്കുന്നുണ്ടായിരുന്നു. രാഷ്ട്രപതിയെ കാണാൻ അപ്പോയ്ന്റ്മെന്റ് കിട്ടിയ ദിവസമാണ് മദർ തെരേസ അന്തരിച്ചത്. അപ്പോൾ അപ്പോയ്ന്റ്മെന്റ് ക്യാൻസൽ ആയി. രാഷ്ട്രപതി മദർ തെരേസയുടെ സംസ്കാരച്ചടങ്ങിനു കൊൽക്കൊത്തയ്ക്കു പോകുകയും ചെയ്തു. പിന്നീട് അപ്പോയ്ന്റ്മെന്റിനു ശ്രമിച്ചപ്പോൾ ഡേറ്റ് ഇല്ലാതെ പോവുകയും 1997 സെപ്റ്റംബർ 15 ന് രാഷ്ട്രപതിഭവനിൽ നടക്കുന്ന ഓണസദ്യയ്ക്ക് പ്രത്യേകം ക്ഷണിതാവായി ആ ചടങ്ങിൽ പങ്കെടുക്കുവാനും നിവേദനം സമർപ്പിക്കുവാനും അനുവദിച്ചുകൊണ്ട് ഓണസദ്യയ്ക്കുള്ള ക്ഷണക്കത്തു കിട്ടി. ബഹു. K.R. നാരായണൻ ആയിരുന്നു രാഷ്ട്രപതി. അത്രയും ദിവസം വെയിറ്റ് ചെയ്യുവാൻ സ്വാതന്ത്ര്യസമരസേനാനി ജോണിനു സാധിക്കാത്തതുകൊണ്ട് അദ്ദേഹത്തെ തിരികെ കേരളത്തിലേക്ക് അയച്ചു. എന്നാൽ കേരളത്തിലേക്കു പോകുവാൻ കേരളത്തിൽവെച്ചു മുൻകൂട്ടി എടുത്ത ടിക്കറ്റ് സൗജന്യ ടിക്കറ്റ് ആയതിനാൽ ഞാൻ ക്യാൻസൽ ചെയ്തില്ല. 1997ൽ നടന്ന ഈ കാര്യത്തിന് 2000ലാണ് നവാബ് എനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ആയിരം രൂപയ്ക്കു വിറ്റു എന്നു പറയപ്പെട്ട യാത്ര ചെയ്യാത്ത ഒറിജിനൽ ട്രെയിൻ ടിക്കറ്റ് ഞാൻ കോടതിയിൽ ഹാജരാക്കിയത് നവാബിനു തിരിച്ചടിയായി. മൂന്നു വർഷം ഈ ടിക്കറ്റ് ഞാൻ സൂക്ഷിച്ചു വെയ്ക്കുമെന്നു കരുതിയില്ല. ഞാൻ എപ്പോഴും ഇങ്ങനെയുള്ള എല്ലാ രേഖകളും സൂക്ഷിച്ചു വെയ്ക്കാറുണ്ട്. അതാണ് നവാബിന്റെ കണക്കുകൂട്ടൽ തെറ്റിച്ചത്.
ബഹു. K.R. നാരായണൻ രാഷ്ട്രപതി ഭവനിൽ നടത്തിയ ആദ്യത്തെ ഓണസദ്യ ആയിരുന്നു 1997 സെപ്റ്റംബർ 15 ന് നടന്നത്. ഇപ്പോൾ ഇരുപത്തിഅഞ്ച് വർഷം കഴിഞ്ഞു. രാഷ്ട്രപതിഭവനിൽ അന്ന് ഓണസദ്യയ്ക്ക് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സുപ്രീം കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതി ജഡ്ജിമാരും ഉൾപ്പെടുന്ന ഉന്നതവ്യക്തികളെയാണ് ക്ഷണിച്ചത്. അതിന്റെ കൂടെ എനിക്കും പങ്കെടുക്കുവാൻ കഴിഞ്ഞത് ഒരു ഭാഗ്യമായിട്ടാണ് അന്നും ഇന്നും ഞാൻ കരുതുന്നത്. അന്ന് സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് K.T. തോമസിനോടൊപ്പമാണ് ഞാൻ ഓണസദ്യ കഴിച്ചത്. രാഷ്ട്രപതി ബഹു. K.R. നാരായണന് അന്നു ഞാൻ നേരിട്ടു നിവേദനവും നൽകിയിരുന്നു.