തിരുവനന്തപുരം: കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലയിൽ ജാഗ്രതാ നിര്‍ദ്ദേശം നൽകി. നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിൽ അത് അഞ്ചാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുന്നത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരൻ പെരിന്തൽമണ്ണ സ്വദേശിയാണ്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടത് അനുസരിച്ച് കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റുമെന്നും മന്ത്രി അറിയിച്ചു.
കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ഇക്കഴിഞ്ഞ 15 നാണ് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. മലപ്പുറത്ത് 3 ആശുപത്രികളിൽ ചികിത്സ നൽകിയിരുന്നു. എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്നതിൽ സ്ഥിരീകരണമായിട്ടില്ല. കുട്ടി അമ്പഴങ്ങ കഴിച്ചിരുന്നുവെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. കുട്ടിക്ക് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷിക്കുകയാണ്.
നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ.
ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണം. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെൻ്റർ നാളെ പ്രവർത്തിക്കരുത്. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
നിപ ബാധിതന്റെ പ്രാഥമിക, സെക്കന്ററി കോൺടാക്ടുകൾ നിരീക്ഷണത്തിലാണ്. നിലവിൽ 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവര്‍ ക്വാറൻ്റീനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ കുട്ടിക്ക് പനിബാധയുളളതിനാൽ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്