പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വനിതാ അധ്യാപികയും സുഹൃത്തും അറസ്റ്റിൽ. മുംബൈയിലാണ് സംഭവം നടന്നത്. മുംബൈയിലെ ഒരു പ്രശസ്തമായ സ്കൂളിലെ 40 കാരിയായ അധ്യാപികയെയാണ് ശനിയാഴ്ച മുംബൈ പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വർഷം ജനുവരി മുതൽ 16 വയസ്സുള്ള ആൺകുട്ടി പീഡനം നേരിട്ടിരുന്നുവെന്നാണ് വിവരം. പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധിച്ചതോടെ മാതാപിതാക്കൾ വിദ്യാർത്ഥിയെ കാര്യങ്ങൾ തുറന്നുപറയാൻ പ്രേരിപ്പിച്ചപ്പോഴാണ് ദുരനുഭവം വെളിപ്പെടുത്തിയത്. അധ്യാപിക വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇവർ സ്കൂളിലെ ഇംഗ്ലീഷ് ഭാഷ അധ്യാപികയാണെന്നും പൊലീസ് പറഞ്ഞു.
2023 ഡിസംബറിൽ, സ്കൂളിലെ വാർഷിക പരിപാടിയുമായി ബന്ധപ്പെട്ട പരിശീലനത്തിനിടെയാരുന്നു അധ്യാപിക വിദ്യാർത്ഥിയുമായി അടുക്കാൻ ശ്രമിച്ചത്. എന്നാൽ കുട്ടി ഇവരിൽ നിന്ന് അകന്നുമാറുകയായിരുന്നു. പിന്നീട് അധ്യാപിക ഒരു സുഹൃത്തിന്റെ സഹായത്തോടെ, പ്രായമായ സ്ത്രീകളുമായി ആൺകുട്ടികൾ ബന്ധം പുലർത്തുന്നത് അസാധാരണമല്ലെന്ന് വിദ്യാർത്ഥിയെ ബോധ്യപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വിദ്യാർത്ഥിയെ മുംബൈയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലെത്തിച്ച് മദ്യം നൽകി അധ്യാപിക ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം വിദ്യാർത്ഥിയുടെ മാനസികാരോഗ്യം വഷളാക്കിയതായും വിഷാദത്തിലേക്ക് എത്തിയതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പോക്സോ നിയമത്തിലെയും ജുവനൈൽ ജസ്റ്റിസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് വനിതാ അധ്യാപികയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് അധ്യാപികയെ കസ്റ്റഡിയിലെടുത്തത്.