ചെല്ലാനം – കൊച്ചി തീരത്തെ കടൽ കയറ്റം:എത്രയും വേഗം പരിഹരിക്കപ്പെടണം

ചെല്ലാനം – കൊച്ചി തീരത്തെ കടൽ കയറ്റം പരിഹരിക്കുന്നതിനായി പുത്തൻ തോട് മുതൽ ചെറിയ കടവ് വരെ കടൽ ഭിത്തി നിർമ്മിക്കുവാൻ 306 കോടി രൂപ നീക്കിവച്ച സർക്കാർ തീരുമാനം താൽക്കാലിക ആശ്വാസം പകരുന്നതാണ്. ആ നിലക്ക് ജനകീയ വേദി സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ ജനറൽ കൺവീനർ വി ടി സെബാസ്റ്റിൻ,വർക്കിങ്ങ് ചെയർ പേഴ്സൺ അഡ്വ: തുഷാർ നിർമ്മൽ എന്നിവർ പ്രതികരിച്ചു.

അതേ സമയം തന്നെ ചെറിയ കടവ് മുതൽ ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളിൽ തീര സംരക്ഷണ പദ്ധതി പ്രഖ്യാപനത്തിൽ നിന്നും ഒഴിവാക്കിയ നടപടിയിൽ ജനകീയ വേദി പ്രതിഷേധിക്കുന്നതായും അവർ വ്യക്തമാക്കി.

പുത്തൻ തോട് മുതൽ ബീച്ച് റോഡ് വരെയുള്ള തീരം സംരക്ഷിക്കുന്നതിന് ഒറ്റ ഘട്ടമായി പദ്ധതി നടപ്പിലാക്കണമെന്ന ജനങ്ങളുടെ ആവശ്യം സംസ്ഥാന സർക്കാർ അവഗണിക്കുകയാണ് ചെയ്തത്.

ചെല്ലാനം – കൊച്ചി തീരത്ത് തീര സംരക്ഷണ പദ്ധതി മുറിച്ചു മുറിച്ചു നടപ്പിലാക്കുന്നത് തികച്ചും അശാസ്ത്രീയവും കടൽ കയറ്റം തടയാൻ അപ്രായോഗികവുമാണ്. ഭാഗികമായി പദ്ധതി നടപ്പിലാക്കുമ്പോൾ വാസ്തവത്തിൽ കടൽ കയറ്റം പരിഹരിക്കുകയല്ല ചെയ്യുന്നത്. മറിച്ച് സംരക്ഷണ പദ്ധതി നടപ്പിലാക്കിയതിനു വടക്കോട്ടുള്ള പ്രദേശങ്ങളിലേക്ക് കടൽ കയറ്റം തിരിച്ചു വിടുകയാണ് മാത്രമാണ് ചെയ്യുന്നത്.

പുത്തൻ തോട് വരെ ടെട്രാപ്പോട് കടൽ ഭിത്തി നിർമ്മിച്ചതിന് ശേഷമാണ് പുത്തൻ തോടിന് വടക്കുവശം മുതൽ ശക്തമായ കടൽ കയറ്റം അനുഭവപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ സർക്കാർ തീരുമാനിച്ചത് പ്രകാരം ചെറിയ കടവ് വരെ കടൽ ഭിത്തി നിർമ്മിച്ചാൽ അതിനു വടക്കോട്ടുള്ള സിഎംഎസ് മുതലുള്ള പ്രദേശങ്ങളിൽ അതിശക്തമായ കടൽ കയറ്റമായിരിക്കും അനുഭവപ്പെടുക.

ഇപ്പോൾ തന്നെ ഈ പ്രദേശങ്ങളിലെ കടൽ ഭിത്തി പലയിടങ്ങളിലും തകർന്നതോ ദുർബലമായതോ ആയ സ്ഥിതിയിലാണ്. മാത്രമല്ല മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൊച്ചി കോർപ്പറേഷൻ പരിധിയിലെയും അതിനു സമീപമുള്ള കൈതവേലി, കാട്ടിപ്പറമ്പ് , സിഎംഎസ് മുതലായ ചെല്ലാനം പഞ്ചായത്തിലെയും തീര പ്രദേശങ്ങൾ ജന സാന്ദ്രത വളരെ കൂടിയ പ്രദേശങ്ങളാണ്. കടൽ ഭിത്തിക്ക് സമീപം ധാരാളം കുടുംബങ്ങൾ ഈ പ്രദേശങ്ങളിൽ താമസമുണ്ട്. ഈ അവസ്ഥയിൽ ശക്തമായ ഒരു കടൽ കയറ്റം ഈ പ്രദേശങ്ങളിൽ ഉണ്ടായാൽ അത് ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ദുരിതമായിരിക്കും സമ്മാനിക്കുക. ദൗർഭാഗ്യവശാൽ ഇന്നത്തെ സർക്കാർ തീരുമാനം അത്തരം ഒരു ദുരന്ത മുനമ്പിലേക്കാണ് ഈ പ്രദേശത്തെ ജനങ്ങളെ തള്ളിയിട്ടിരിക്കുന്നതെന്ന് കൊച്ചി ജനകീയ വേദിയുടെ ജനറൽ കൺവീനർ വി ടി സെബാസ്റ്റിൻ,വർക്കിങ്ങ് ചെയർ പേഴ്സൺ പറഞ്ഞു.

അതു കൊണ്ട് ഭാഗിക പദ്ധതികൾ നടപ്പിലാക്കാനുള്ള തീരുമാനം സർക്കാർ പുന: പരിശോധിക്കണമന്നും നിലവിൽ സർക്കാർ പ്രഖ്യാപിച്ച ചെറിയ കടവ് വരെയുള്ള തീര സംരക്ഷണ പദ്ധതി ബീച്ച് റോഡ് വരെ നീട്ടണമെന്നും ചെല്ലാനം – കൊച്ചി ജനകീയ വേദി ആവശ്യപ്പെട്ടു.