സംസ്ഥാന സർക്കാരും ഗവർണറും കൊമ്പ് കോർക്കുന്നു.രജിസ്ട്രാറെ വൈസ് ചാൻസലർ സസ്‌പെന്റ് ചെയ്‌തു

വീണ്ടും ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ നേർക്കുനേർ അങ്കത്തിനു തുടക്കമായി.കേരള സര്‍വകലാശാലയിലെ ഭാരതാംബ ചിത്രവിവാദവുമായി ബന്ധപ്പെട്ട് സര്‍വകലാശാല രജിസ്ട്രാറെ വൈസ് ചാൻസലർ സസ്‌പെന്റ് ചെയ്‌തു . അതേസമയം, രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വി സിയുടെ നടപടിക്ക് എതിരെ സര്‍ക്കാര്‍ രംഗത്തെത്തി. വൈസ് ചാന്‍സലറുടെ നടപിട അമിത അധികാര പ്രയോഗമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ആരോപിച്ചു

ഗവര്‍ണറോട് അനാദരവ് കാട്ടി, ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നിങ്ങനെയുള്ള വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് രജിസ്ട്രാർ ഡോ. കെ എസ് അനില്‍ കുമാറിനെതിരായ വൈസ് ചാനസലര്‍ ഡോ. മോഹന്‍ കുന്നുമ്മലിന്റെ നടപടി. അന്വേഷണ വിധേയമായാണ് രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍.

വി സിക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയില്ല. ഉത്തരവ് ചട്ട ലംഘനം ആണ്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടും എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്ത വി സിയുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഡോ. കെ എസ് അനില്‍ കുമാറും പ്രതികരിച്ചു

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന് നേരത്തെ വൈസ് ചാന്‍സലര്‍ രാജ്ഭവന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് സസ്പെന്‍ഷന്‍. ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടിക്ക് കാരണങ്ങളാണ് വിവാദങ്ങളുടെ തുടക്കം. പ്രതിഷേധത്തിന് പിന്നാലെ പരിപാടി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി റജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇ-മെയില്‍ അയച്ചു. എന്നാല്‍ ഇതേ സമയം തന്നെ ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഗവര്‍ണര്‍ വേദിയിലായിരിക്കുമ്പോള്‍ ഹാളിലെ പരിപാടിക്കുള്ള അനുമതി റദ്ദാക്കിയ റജിസ്ട്രാറുടെ നടപടി ധിക്കാരപരമാണെന്നും ഗവര്‍ണര്‍ പദവിയോടുള്ള അനാദരവാണെന്നും വൈസ് ചാന്‍സലര്‍ രാജ്ഭവന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

കേരള സർവകലാശാല വൈസ് ചാൻസലർ ബിജെപി അനുകൂല സമീപനമുള്ള വ്യക്തിയാണ്.രജിസ്ട്രാർ ഡോ. കെ എസ് അനില്‍ കുമാർ സിപിഎം അനുഭവമുള്ള വ്യക്തിയും.കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബിജെപിക്കാരനുമാണ്.സംസ്ഥാനം ഭരിക്കുന്നത് സിപിഎം നേതൃത്വത്തിലുള്ള സർക്കാരും.അതിനാൽ വരും ദിനങ്ങളിൽ സംഘർഷം കൂടാനാണ് സാധ്യത.

.