സിപിഎം വിട്ടവരെ തിരിച്ചെത്തിക്കും; വീഴ്ചകളുണ്ടെങ്കിൽ സ്വയം വിമർശനം നടത്തും: എം.എ. ബേബി

തിരുവനന്തപുരം: പാർട്ടി വിട്ടുപോയവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം സിപിഎം നടത്തുമെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി. പാർട്ടിക്കും പ്രവർത്തകർക്കും വീഴ്ചകളും പോരായ്മകളും സംഭവിച്ചിട്ടുണ്ടെന്നും അവ തിരിച്ചറിഞ്ഞ് തിരുത്താനുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തകർക്കിടയിൽ ജാഗ്രതക്കുറവും സംഘടനാപരമായ പോരായ്മകളും ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ പരാജയങ്ങളും തുടർച്ചയായ തിരിച്ചടികളും നേരിട്ടു. ഇതിന്റെ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ടെന്നും ബേബി വ്യക്തമാക്കി.

പാർട്ടിയിലെ പോരായ്മകൾ ഒരു ഘടകത്തെയോ വ്യക്തിയെയോ മാത്രം ബാധിക്കുന്നതല്ലെന്നും ബേബി പറഞ്ഞു. “പാവപ്പെട്ടവരുടെ അഭയസ്ഥാനമാണ് സിപിഐഎം” എന്ന നിലപാട് ആവർത്തിച്ച അദ്ദേഹം, പാർട്ടിയിലെ ആരും പോരായ്മകളിൽ നിന്ന് പൂർണമായി മുക്തരല്ലെന്നും വ്യക്തമാക്കി. വ്യക്തിപരമായി ചെയ്യേണ്ട കാര്യങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സ്വയം വിമർശനപരമായി തുറന്നുപറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലും സംഘടനയിലെ വീഴ്ചകൾ തിരുത്തുന്നതിന് പ്രാധാന്യം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കണമെന്നും ബേബി വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ പാർലമെന്ററിസത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെ അഭാവത്തിന്റെയും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവ തിരുത്തുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, റിപ്പോർട്ടർ ടിവി ഓഫീസിലെ പൊലീസ് പരിശോധനയെ രൂക്ഷമായി വിമർശിച്ചാണ് ബേബി പ്രതികരിച്ചത്. പരിശോധന വലിയ രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സംപ്രേഷണം നിർത്തിവയ്ക്കാൻ നിർബന്ധിച്ചെന്നും വനിതാ മാധ്യമപ്രവർത്തകരുടേതുൾപ്പെടെയുള്ള ഫോണുകൾ പിടിച്ചുവച്ചെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപന ഉടമകൾ ഉൾപ്പെട്ട കേസുകളുടെ അന്വേഷണത്തിനാണ് പൊലീസ് എത്തിയതെന്ന വിശദീകരണം ചൂണ്ടിക്കാട്ടിയ ബേബി, എഡിറ്റോറിയൽ വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു.

റിപ്പോർട്ടർ ടിവിയിലെ പരിശോധനയെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമായാണ് സിപിഎം ജനറൽ സെക്രട്ടറി വിശേഷിപ്പിച്ചത്. അതേസമയം, സ്ഥാപന ഉടമകൾക്കെതിരായ ആരോപണങ്ങളിൽ നിയമനടപടി ഉണ്ടാകുന്നതിനെ എതിർക്കുന്നില്ലെന്നും, മാനേജ്മെന്റിന്റെ ഭാഗത്ത് തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.