സർക്കാർ സ്കൂളുകളിലെ സൗജന്യ കെ-ഫോൺ സേവനം അവസാനിപ്പിച്ചു; ഇനി പണം അടക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രം ഇന്റർനെറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് ലഭിച്ചിരുന്ന സൗജന്യ കെ-ഫോൺ ഇന്റർനെറ്റ് സേവനം അവസാനിപ്പിക്കാൻ തീരുമാനം. ഇനി മുതൽ ബിൽ അടയ്ക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും കെ-ഫോൺ സേവനം ലഭ്യമാകുക. ഇതുസംബന്ധിച്ച് കെ-ഫോൺ വിദ്യാഭ്യാസ വകുപ്പിന് ഇമെയിൽ മുഖേന അറിയിപ്പ് നൽകി.

നിലവിൽ സംസ്ഥാനത്തെ ഏകദേശം 6000 സ്കൂളുകളിലാണ് കെ-ഫോൺ സേവനം ലഭ്യമാക്കിയിരുന്നത്. എന്നാൽ ഇനി മുതൽ സർക്കാർ ഓഫീസുകൾ ഉൾപ്പെടെ ഒരു സ്ഥാപനത്തിനും സൗജന്യമായി സേവനം നൽകില്ലെന്ന് കെ-ഫോൺ അറിയിച്ചു. സേവനം തുടരാൻ താൽപര്യമുള്ള സ്കൂളുകൾ കെ-ഫോണിനെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

2018 മുതലാണ് സംസ്ഥാനത്ത് കെ-ഫോൺ സേവനം ആരംഭിച്ചത്. എല്ലാവർക്കും കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ കെ-ഫോൺ പദ്ധതി പ്രഖ്യാപിച്ചത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഐടി വകുപ്പിന് കീഴിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി), കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, ആശുപത്രികൾ, ഐടി പാർക്കുകൾ തുടങ്ങിയ സ്ഥാപനങ്ങളെ കെ-ഫോൺ ശൃംഖലയുമായി ബന്ധിപ്പിച്ചിരുന്നു. ഇന്റർനെറ്റ് ഒരു അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന നിലയിലും കേരളം കെ-ഫോൺ പദ്ധതിയെ ഉയർത്തിക്കാട്ടിയിരുന്നു.