ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് മുഖ്യപ്രതിയുടെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍

സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ഗുണ്ടല്‍പേട്ടില്‍ വച്ചെന്ന് പൊലീസ്. തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചിട്ട നിലയിലാണ് ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ മുഖ്യപ്രതി നൗഷാദിന്റെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് കൊലപ്പെടുത്തിയത്. രണ്ടുദിവസം ഇവിടെ പൂട്ടിയിട്ട് ഹേമചന്ദ്രനെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറയുന്നു. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്തിയതിന് ശേഷം കാറിലാണ് മൃതദേഹം വനത്തില്‍ എത്തിച്ചതെന്നാണ് കരുതുന്നത്. അതേസമയം വനത്തിനുള്ളില്‍ നാലടി താഴ്ചയില്‍ കുഴിയെടുത്ത് മറവ് ചെയ്തതിലും ദുരൂഹത ഉണ്ട്. സൗദിയിലുള്ള നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഒരു വര്‍ഷം മുന്‍പ് കോഴിക്കോട്ടു നിന്നു കാണാതായ വയനാട് സ്വദേശി, കോഴിക്കോട് മായനാട് നടപ്പാലം പാറപ്പുറത്തു വാടക വീട്ടില്‍ താമസിച്ചിരുന്ന, ബത്തേരി പൂമല ചെട്ടിമൂല ‘വിനോദ് ഭവനി’ല്‍ ഹേമചന്ദ്രന്‍(54) ആണ് കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ നേരത്തേ അറസ്റ്റിലായ ബത്തേരി സ്വദേശികളായ മാടക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ്‌കുമാര്‍(28), വെള്ളപ്പന പള്ളുവടി വീട്ടില്‍ ബി എസ് അജേഷ്(27) എന്നിവരെ കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നു കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പ് മോഷണക്കേസിലാണ് ഇവര്‍ പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ ഹേമചന്ദ്രന്റെ കൊലപാതകവുമായി ഇവര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തുകയായിരുന്നു. ഹേമചന്ദ്രനുമായി നൗഷാദ് ഏറെക്കാലം പണമിടപാട് നടത്തിയിരുന്നതായും ഇവര്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

പിടിയിലായ പ്രതികളുമായി എസിപി എ ഉമേഷ്, മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചേരമ്പാടി വനത്തില്‍ ചെന്ന് ഇന്നലെ രാവിലെ 9 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണു കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. രണ്ടു വര്‍ഷത്തിലേറെയായി മായനാട്ടെ വാടകവീട്ടില്‍ താമസിച്ചിരുന്ന ഹേമചന്ദ്രന്‍ കരസേനയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. 2024 മാര്‍ച്ച് 20ന് വീട്ടില്‍ നിന്നു പുറത്തുപോയതാണ്.