വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ ഒരു പരിപാടിയില്‍ ഒന്നിച്ച് പങ്കെടുക്കാന്‍ പാടില്ലെന്ന് പറയുന്നത് ആധുനിക കാലഘട്ടത്തിന് യോജിച്ച കാര്യമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വിദ്യാഭ്യാസമേഖലയിലെ കാര്യങ്ങളുള്‍പ്പെടെ സമൂഹത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയാന്‍ മതസംഘടനകള്‍ക്ക് അവകാശമുണ്ട്. അതില്‍ ദോഷമൊന്നുമില്ല. എന്നാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പങ്കെടുക്കരുതെന്ന് പറയുന്നത് ആധുനിക കാലത്തിന് യോജിച്ചതല്ല. സ്കൂളുകളിലെ സൂംബ പരിശീലനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അല്‍പ്പവസ്ത്രം ധരിച്ചാണ് സൂംബ പോലുള്ള കായികവിനോദങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കുന്നത് എന്നുള്ള പ്രതിഷേധം അറിവില്ലായ്മ കൊണ്ടോ തെറ്റിധാരണ കൊണ്ടോ ഉണ്ടാകുന്നതാണ്. ആരെങ്കിലും അവരെ അങ്ങനെ പറഞ്ഞ് ധരിപ്പിച്ചിട്ടുണ്ടാകാം. അവര്‍ ബോധപൂര്‍വം പറയുന്നതാണെന്ന് താന്‍ കരുതുന്നില്ല. അതു മാറുമെന്ന് തന്നെയാണ് കരുതുന്നത്. ഇപ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്കൂളിലും കോളജിലും ഒരുമിച്ചാണല്ലോ പഠിക്കുന്നത്. സമചിത്തതയോടുകൂടി സംവാദത്തിലൂടെ പരിഹാരം കാണേണ്ട വിഷയമാണ്. അല്ലാതെ അവരെ ഇപ്പോള്‍ തന്നെ കൈകാര്യം ചെയ്യാമെന്ന മട്ടിലല്ല വേണ്ടത്.
കുട്ടികള്‍ മാനസികമായും ശാരീരികമായും കരുത്തുള്ളവരായി വേണം വളരാന്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകിയും മനസ്സിലാക്കിയും വളരണം. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ ഒഴിവാകുന്നത് അപ്പോഴാണ്. സംസ്കാരസമ്പന്നമായ, ആധുനികമായ ഒരു സമൂഹമായാണ് ഭാവിതലമുറ വളരുന്നത്. നമ്മള് 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. 22-ാം നൂറ്റാണ്ടില്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാലമാണ്. അത്തരമൊരു കാലത്ത് സൂംബ കായികപരിശീലനം പോലുള്ള പരിപാടികള്‍ തെറ്റാണ്, പാടില്ല എന്നുള്ളത് വിതണ്ഡവാദമാണ്. അങ്ങനെ വാദിക്കുന്നവര്‍ ആത്മപരിശോധന നടത്തണം.