സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്നുപേരുടെ ചുരുക്കപ്പട്ടിക യുപിഎസ് സി തയ്യാറാക്കിയെന്ന് സൂചന . സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. യുപിഎസ് സി അംഗീകരിച്ച മൂന്നംഗ പട്ടിക സംസ്ഥാന സര്‍ക്കാരിന് ഉടൻ കൈമാറുമെന്ന് പറയപ്പെടുന്നു. ഇതില്‍ നിന്നും ഒരാളെ സര്‍ക്കാരിന് അടുത്ത പൊലീസ് മേധാവിയായി നിയമിക്കാം. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഈ മാസം 30 ന് വിരമിക്കും.
എഡിജിപി എം ആര്‍ അജിത് കുമാറിനെ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം യുപി എസ് സി തള്ളിയതായാണ് സൂചന . ഡിജിപി റാങ്കില്‍ കുറഞ്ഞവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുമ്പ് എഡിജിപിയായിരുന്ന അനില്‍കാന്തിനെ പൊലീസ് മേധാവിയാക്കിയ കാര്യവും സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രം അത് മുഖവിലയ്‌ക്കെടുത്തില്ലത്രെ . സംസ്ഥാന സര്‍ക്കാര്‍ അയച്ച ആറംഗ പട്ടികയിലെ ആദ്യ മൂന്നുപേരുകാരെ തന്നെ യുപിഎസ് സി യോഗം ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അയക്കുകയായിരുന്നു.
നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നിവരാണ് സര്‍ക്കാര്‍ അയച്ച പട്ടികയില്‍ ഇടംനേടിയിരുന്നത്. പട്ടികയില്‍ നാലാമതുള്ള മനോജ് എബ്രഹാമിനെ പരിഗണിക്കാവുന്നതാണെന്ന് കേരളത്തില്‍ നിന്നും യുപിഎസ് സി യോഗത്തില്‍ പങ്കെടുത്ത ചീഫ് സെക്രട്ടറിയും, നിലവിലെ പൊലീസ് മേധാവിയും യോഗത്തില്‍ നിര്‍ദേശം വെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മനോജ് എബ്രഹാം ഏറെക്കാലം ക്രമസമാധാന ചുമതല വഹിച്ചിരുന്നു എന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ യുപിഎസ് സി യോഗം മനോജ് എബ്രഹാമിനെയും പരിഗണിച്ചില്ല.