എറണാകുളം ജില്ലയിലെ കിഴക്കൻ അതിർത്തി പ്രദേശമായ കോതമംഗലം നിയമസഭ സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് ശ്രമം.ഈ സീറ്റ് കേരള കോൺഗ്രസ് (ജോസഫ് ) മത്സരിക്കുന്ന സീറ്റാണ്.തുടർച്ചയായി തോൽക്കുന്ന സാഹചര്യത്തിലാണ് ഈ സീറ്റ് തിരിച്ചെടുക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായിട്ടുള്ളത് .

കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ഷിബു തെക്കുംപുറം മത്സരിക്കാൻ ഒരുക്കം നടത്തുന്നതിനിടയിലാണ് കോതമംഗലം സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ .കോതമംഗലം, തങ്കളം, നെല്ലിക്കുഴി, കോളേജ് ജംഗ്ഷൻ, പള്ളിത്താഴം എന്നിവിടങ്ങളിലാണ് സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കോതമംഗലം സീറ്റ് കോൺഗ്രസിന് അവകാശപ്പെട്ടത്, വട്ടിപ്പലിശക്കാരൻ കോതമംഗലത്തിന് വേണ്ട, കൈപ്പത്തി വരട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പോസ്റ്ററിലുള്ളത്.

പോസ്റ്ററുകളുമായി കോൺഗ്രസ് നേതൃത്വത്തിനു പങ്കില്ലെന്നാണ് വിശദീകരണം.അതേസമയം കേരള കോൺഗ്രസിൽ നിന്നും ഈ സീറ്റ് തിരിച്ചെടുത്ത് കോൺഗ്രസ് മത്സരിപ്പിക്കണമെന്നാണ് പല നേതാക്കളും പരസ്യമായും രഹസ്യമായും പറയുന്നത്.
2016 ൽ സിപിഎമ്മിലെ എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ കേരള കോൺഗ്രസിലെ സിറ്റിംഗ് എംഎൽഎയായ ടിയു കുരുവിളയെ തോൽപ്പിക്കുകയും കോതമംഗലം പിടിച്ചെടുക്കുകയുമായിരുന്നു. 2021-ൽ ആന്റണി ജോൺ വീണ്ടും ജയിച്ചു .ഇത്തവണ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഷിബു തെക്കുംപുറത്തെയാണ് പരാജയപ്പെടുത്തിയത്.

യുഡിഎഫിനു വലിയ സ്വാധീനമുള്ള നിയോജക മണ്ഡലമാണ് കോതമംഗലം.എന്നിട്ടും അവിടെ പരാജയപ്പെടാൻ കാരണം കേരള കോൺഗ്രസ് മത്സരിക്കുന്നത് കൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.രണ്ടു തവണ വിജയിച്ച ആന്റണി ജോൺ ജനകീയനായ മാറിയതിനാൽ 2026 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ അദ്ദേഹത്തെ പരാജയപ്പെടുത്തുക ബുദ്ധിമുട്ടാണ്.വന്യ മൃഗ ശല്യം നേരിടുന്ന പ്രദേശമായതിനാൽ ആന്റണി ജോൺ എംഎൽഎക്കെതിരെ ശക്തമായ വികാരമുണ്ട്.അത് വോട്ടായാൽ യുഡിഎഫ് അനായാസം ജയിക്കും.

യുവ കോൺഗ്രസ് നേതാവും രാഷ്ട്രീയ നിരീക്ഷകനുമാണ് ഡോ. ജിന്റോ ജോൺ. കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ചാലക്കുടി പാർലമെന്റ് മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസിന്റെ വക്താവായും ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായും പ്രവർത്തിക്കുന്നു.
