പെണ്ണ് കേസ്സ്- കല്യാണമൊരു സാമ്പത്തികത്തട്ടിപ്പായി മാറുന്ന കാലം;ഫിലിം റിവ്യൂ;ഋഷിരാജ് സിംഗ് ഐപിഎസ് (റിട്ട :)

സോഷ്യൽ മീഡിയയിൽ റീച്ചു കിട്ടാനുള്ള തട്ടിപ്പുകളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുമൊക്കെ കാലാകാലങ്ങളായി പലരീതിയിൽ കണ്ടുവരുന്നു. അതിൽ ചിലതെങ്കിലും ആത്മഹത്യയിലേയ്ക്കുവരെ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു.

ഋഷിരാജ് സിംഗ് ഐപിഎസ് (റിട്ട 🙂

പണ്ടുമുതലേ ഏതുനാട്ടിലും കല്യാണ തട്ടിപ്പുവീരന്മാർ ഉണ്ടായിട്ടുണ്ട്. എന്നാൽ കല്യാണപ്പെണ്ണു ചമഞ്ഞ് ആണിനെ പറ്റിയ്ക്കുന്നത് ഒരുപക്ഷെ നമുക്കത്ര പരിചയമുണ്ടാവില്ല.തട്ടിപ്പു നടത്തുന്നത് പെണ്ണായാൽ വരനും പോലീസിനും നാട്ടുകാരുമെല്ലാംകൂടിച്ചേർന്ന് സംഭവത്തെ ആകെ പുകിലാക്കുകയും കല്യാണവീട് ഉത്‌സവപ്പറമ്പാവുകയും ചെയ്യും. അത്തരമൊരു തട്ടിപ്പിൻ്റെ ഗൗരവം തമാശയിലൂടെ അവതരിപ്പിക്കുന്ന സിനിമയാണ് ‘പെണ്ണ് കേസ്സ്.’കല്യാണത്തട്ടിപ്പു നടത്താനായി ഒരു പെണ്ണ് ഒരുങ്ങിയിറങ്ങിയിറങ്ങിയാൽ അതിൻ്റെ പിന്നിൽ സർപ്രൈസും സസ്പെൻസുമൊക്കെ ഉണ്ടാവും. അതു തന്നെയാണ് ഈ സിനിമയുടെ ഭംഗിയും.

ബന്ധങ്ങളിലെ ആഴവും പരപ്പുമെല്ലാം തകരുന്ന കാലമാണിത്. അതിവൈകാരികത കുട്ടികൾക്കിന്ന് തീരെ ഇഷ്ടമല്ല. എവിടെയും സ്വാർത്ഥതമാത്രം. സമ്പത്തിനുവേണ്ടി മാതാപിതാക്കളെ മർദ്ദിക്കാനും വീട്ടിനു പുറത്താക്കാനും എന്തിന് കൊല്ലാനും മടിക്കാത്ത മക്കൾ. ഇങ്ങനെയൊക്കെ നടക്കുന്ന ഒരു നാട്ടിൽ കല്യാണവും കുടുംബജീവിതവും മാത്രം നല്ല രീതിയിൽ നടക്കുമെന്നു ഉറപ്പിക്കുന്നതെങ്ങനെ?
ഈ സിനിമയും അതുതന്നെയാണു നമ്മോടു ചോദിക്കുന്നത്.

കഥാനായികയുടെ പേരുതന്നെ തട്ടിപ്പാണ്. സൂസൻ, ബിന്ദു, രോഹിണി അങ്ങനെ ഉറപ്പില്ലാത്ത പലപേരുകൾ! തടിപ്പുകാർക്ക് പ്രത്യേകിച്ചൊരു പേരുണ്ടാവില്ലല്ലോ. നിഖില വിമലൽ ഈ തട്ടിപ്പുവേഷങ്ങളെല്ലാം നന്നായി കൈകാര്യം ചെയ്തു. ഹാസ്യരസപ്രധാനമാണ് ചിത്രമെങ്കിലും കുഴഞ്ഞുമറിഞ്ഞ കേസ്സ് അന്വേഷിക്കുന്ന സിനിമ, ഒരു പോലീസ് സ്റ്റോറിയും കൂടിയാണ്. ഹക്കിം ഷാജഹാൻ്റെ പോലീസ് ഓഫീസർ മികച്ചുനില്ക്കുന്നു.അജുവർഗ്ഗീസ്സും രമേശ് പിഷാരടിയും ഇർഷാദ് അലിയും അഖിൽ കവലയൂരും പുതുമുഖങ്ങളുമൊക്കെച്ചേർന്ന് ആൺവേഷങ്ങളെ ഒന്നിനൊന്ന് മികച്ചതാക്കുന്നു. ഷുക്കൂർ വക്കീലിൻ്റെ പോലീസ് വേഷവും എടുത്തുപറയേണ്ടതുതന്നെ.

ഇപ്പോൾ മലയാള സിനിമയുടെ ഊർജ്ജം ശക്തിയുഉളതും വൈവിധ്യമുള്ളതുമായ കഥകളും തിരക്കഥകളുമാണ്. ഒപ്പം മികച്ച സംവിധാനവും.രശ്മി രാധാകൃഷ്ണനെയും ഫെബിൻ സിദ്ധാർഥിനെയും അക്കാര്യത്തിൽ അഭിനന്ദിച്ചേ മതിയാവൂ.

പല മലയാളസിനിമകളും ആളുകളെ ബോറടിപ്പിക്കാൻ എന്തിനാണിങ്ങനെ വലിച്ചുനീട്ടുന്നതെന്ന് ഞാൻ ആലോചിച്ചുട്ടുണ്ട്. എന്നാൽ വലിച്ചു നീട്ടലില്ലാതെ കാര്യങ്ങൾ എങ്ങനെ ആറ്റിക്കുക്കിപ്പറയാമെന്ന് രണ്ടുമണിക്കൂറിനകത്തുള്ള ഈ സിനിമ, മികച്ച എഡിറ്റിങ്ങിലൂടെ കാട്ടിത്തരുന്നുണ്ട്.

വനിതകൾ പോലീസിൽ സജീവമായതിനുശേഷം വലിയ മാറ്റമാണ് കേരളത്തിൽ നമുക്കെവിടെയും കാണാനാവുന്നത്.സ്ത്രീകളും പ്രായം ചെന്നവരും പലപ്പോഴും സ്റ്റേഷനിൽ വരുന്നത് പരാതി പറയാൻ വേണ്ടി മാത്രമാണ്. അതായത് തങ്ങളുടെ പ്രയാസങ്ങൾ ആരെങ്കിലും ഒരാളെങ്കിലുമൊന്നു കേൾക്കുക. നടപടിയൊന്നും ഭൂരിപക്ഷവും ആഗ്രഹിക്കുന്നില്ല. യൂണിഫോമിട്ട ഒരാൾ കേൾക്കാനുണ്ടല്ലോ അതാണ് ആശ്വാസം. മാറുന്ന നിയമവ്യസ്ഥയുടെയും കാലത്തിൻ്റെയും നേർക്കുള്ള ചൂണ്ടുപലകയാണത്. എല്ലാം ക്ഷമയോടെ കേട്ടിരിക്കുന്ന വനിതാ പോലീസിനെ അഭിനന്ദിക്കണമെന്നും നീതി ആർക്കാണ്, എങ്ങനെയാണ് കിട്ടേണ്ടതെന്നും കൂടി ഈ സിനിമ നമ്മെ പഠിപ്പിക്കുന്നു.

ലോകത്തിൽ പലയിടങ്ങളും പരിസര മലിനീകരണത്തിൽ ശ്വാസംമുട്ടുന്നുണ്ടെങ്കിലും കേരളത്തിലെ ഗ്രാമപ്രദേശങ്ങളുടെ ഭംഗി ഇപ്പോഴും നഷ്‌ടപ്പെട്ടിട്ടില്ല എന്ന കാര്യവും സിനിമയിലെ പല സീനുകളും വ്യക്തമാക്കുന്നുണ്ട്. കാഴ്ചയിലെങ്കിലും ദൈവത്തിൻ്റെ സ്വന്തം നാട് ! സിനിമയിൽ സംഗീതം ഒരു അഭിഭാജ്യ ഘടകമൊന്നുമല്ല, ഉള്ളത് നല്ലരീതിയിൽ അങ്കിത് മേനോൻ കൈകാര്യം ചെയ്തിട്ടുണ്ട്.

ചുരുക്കത്തിൽ വെറുപ്പില്ലാതെയും ഭയമില്ലാതെയും സന്തോഷത്തോടെ കുടുംബസമേതം കണ്ട് ആനന്ദിക്കാവുന്ന ഒരു നല്ല സിനിമ!