പുസ്തകം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് എം ടിയുടെ മക്കൾ

സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആദ്യ ഭാര്യ പ്രമീള നായരെ കുറിച്ച് എഴുതിയ പുസ്തകത്തിനെതിരെ മക്കള്‍ രംഗത്ത്. കുടുംബത്തിന്റെ അനുമതിയില്ലാതെ എഴുതിയ പുസ്തകം എംടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് മക്കളായ സിതാരയും അശ്വതിയും പ്രസ്താവനയില്‍ ആരോപിച്ചു.

എംടിയെയും ആദ്യഭാര്യ പ്രമീള നായരെയും കുറിച്ച്, എംറ്റി സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍ എന്ന പേരില്‍ എച്ച്മക്കുട്ടി, ദീദി ദാമോദരന്‍ എന്നിവര്‍ എഴുതിയ പുസ്തകത്തിനെതിരെയാണ് മക്കള്‍ രംഗത്തെത്തിയത്.

പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് സിതാരയും അശ്വതിയും പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രമീള നായരും എംടി വാസുദേവന്‍ നായരും മരിച്ചതിനു ശേഷം രചിക്കപ്പെട്ട പുസ്തകം കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനും തേജോവധം ചെയ്യാനും ഉദ്ദേശിച്ചിട്ടുള്ളതാണ്. പ്രശസ്തിക്കും പണത്തിനും വേണ്ടി എംടിയെ തേജോവധം ചെയ്യുന്നത് അംഗീകരിക്കാന്‍ ആവില്ല. പുസ്തകം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് നീങ്ങുമെന്ന് അശ്വതിയും സിതാരയും വ്യക്തമാക്കി.