അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) അന്ത്യശാസനം തള്ളി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് സ്ഥിരീകരിച്ചു. മത്സരങ്ങളുടെ വേദി ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റുന്നില്ലെങ്കിൽ ടീം ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥർ, ദേശീയ ടീം ക്രിക്കറ്റ് താരങ്ങൾ, ഇടക്കാല സർക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുൾ എന്നിവർ പങ്കെടുത്ത നിർണായക യോഗത്തിന് ശേഷമാണ് ബംഗ്ലാദേശ് ബഹിഷ്‌കരണ ഭീഷണി ഉയർത്തിയത്.

കളിക്കാരുമായുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷം, ബംഗ്ലാദേശിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുൾ ഐസിസിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ഐസിസി ബംഗ്ലാദേശിനോട് നീതി പുലർത്തിയിട്ടില്ലെന്നും കളിക്കാരുടെ സുരക്ഷ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സാഹചര്യത്തിലും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പാക്കുന്നതിൽ സർക്കാരും ക്രിക്കറ്റ് ബോർഡും കളിക്കാരും ഏകകണ്ഠമായി പ്രതിജ്ഞാബദ്ധരാണെന്ന് ആസിഫ് നസ്രുൾ വ്യക്തമാക്കി.

“ആരുടെയും സമ്മർദ്ദത്തിന് ഞങ്ങൾ വഴങ്ങില്ല. ബംഗ്ലാദേശ് ലോകകപ്പ് കളിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ലോകം മനസ്സിലാക്കണം. ഞങ്ങളുടെ കളിക്കാരുടെ സുരക്ഷയിൽ ഞങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല” എന്ന് ആസിഫ് നസ്രുൾ വ്യക്തമായി പറഞ്ഞു.

