നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഗവർണറുടെ തിരുത്ത് നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രി

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നടപടി നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. സർക്കാർ തയാറാക്കി നൽകിയ പ്രസംഗം അതേപടി നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് തുടങ്ങിയ നിയമസഭാ സമ്മേളനത്തിലാണ് ഗവർണർ മാറ്റങ്ങൾ വരുത്തിയത്.

നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ് ഗവർണർ സഭ വിട്ടതിനുപിന്നാലെയാണ് ഇതുസംബന്ധിച്ച പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചത്. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഇങ്ങനെയൊരു കീഴ്വഴക്കം കേരള നിയമസഭയിലില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. സർക്കാർ തീരുമാനത്തെ പ്രതിപക്ഷം അംഗീകരിക്കുകയാണെന്ന് പിന്നാലെ നടത്തിയ വാർത്ത സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സഭ അംഗീകരിക്കുന്നതായി സ്പീക്കർ എഎൻ ഷംസീർ സഭയിൽ റൂളിങ് നൽകി.

നയപ്രഖ്യാപനത്തിലെ 12, 15, 16 എന്നീ ഖണ്ഡികകളിലെ ഏതാനും വാചകങ്ങളാണ് ഗവർണർ ഒഴിവാക്കിയത്. കേന്ദ്രസർക്കാരിനെതിരായ വിമർശനങ്ങൾ ഉൾക്കൊള്ളുന്ന ഭാഗങ്ങളായിരുന്നു ഇവയെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി, ബില്ലുകൾ ഒപ്പിടാതെ കെട്ടിക്കിടക്കുന്നത് തുടങ്ങിയ വിഷയങ്ങൾ പരാമർശിക്കുന്ന ഭാഗങ്ങളാണ് ഗവർണർ ഒഴിവാക്കിയത്. ഒഴിവാക്കപ്പെട്ട 12-ാം ഖണ്ഡിക ഫെഡറലിസത്തെക്കുറിച്ചും കേന്ദ്ര നടപടികളെക്കുറിച്ചുമുള്ളതായിരുന്നു. 15-ാം ഖണ്ഡിക സംസ്ഥാനം നേരിടുന്ന സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചും 16-ാം ഖണ്ഡിക നികുതിവിഹിതം വെട്ടിക്കുറച്ചതിനെക്കുറിച്ചും പരാമർശിക്കുന്നവയായിരുന്നു.

ഭരണഘടനയുടെ അന്തസത്തയ്ക്കും സഭയുടെ കീഴ്വഴക്കങ്ങൾക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം മാത്രമേ നിലനിൽക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് നിരവധി റൂളിങുകൾ വിവിധ ഘട്ടങ്ങളിൽ സ്പീക്കർമാർ നടത്തിയിട്ടുണ്ട്. ഗവർണർ ഒഴിവാക്കിയവ ഉൾപ്പെടുത്തിയും കൂട്ടിച്ചേർക്കലുകൾ ഒഴിവാക്കിയും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം ആധികാരിക രേഖയായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി സ്പീക്കറോട് അഭ്യർഥിച്ചു.

നയപ്രഖ്യാപന പ്രസംഗം ഖണ്ഡിക 12ലെ ധനകാര്യ ഫെഡറലിസത്തിൻ്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന യൂണിയൻ ഗവൺമെൻ്റിൻ്റെ തുടർച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ് എന്ന വാചകവും 15-ാം ഖണ്ഡികയിലെ സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുകയാണ് എന്നും ഈ വിഷയങ്ങളിൽ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തിരിക്കുകയാണ് എന്ന വാചകവുമാണ് ഒഴിവാക്കിയത്. 16-ാം ഖണ്ഡികയിൽ നികുതിയും ഗ്രാൻ്റും പങ്കുവയ്ക്കുന്നതിലെ കേന്ദ്രസർക്കാരിൻ്റെ വിവേചനം വിശദീകരിക്കുന്നിടത്ത് എൻ്റെ സർക്കാർ കരുതുന്നു എന്ന കൂട്ടിച്ചേർക്കലുമാണ് ഗവർണർ നടത്തിയത്.

തുടർന്ന് സ്പീക്കർ എഎൻ ഷംസീർ വിഷയത്തിൽ റൂളിങ് നൽകി. മുഖ്യമന്ത്രി സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത് അതീവ ഗൗരവകരമായ കാര്യമാണെന്ന് സ്പീക്കർ വ്യക്തമാക്കി. നിയമസഭയെ അഭിസംബോധന ചെയ്ത് ഗവർണർ നടത്തുന്നത് മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ്. അതിൽനിന്നും വിട്ടുപോകുന്നതോ മാറ്റംവരുത്തുന്നതോ ആയ കാര്യങ്ങൾ സഭയുടെ ഔദ്യോഗിക രേഖയായി അംഗീകരിക്കാൻ കഴിയില്ല എന്നത് സഭയുടെ കീഴ്വഴക്കമാണ്. മുൻകാല കീഴ്വഴക്കങ്ങൾ അടിസ്ഥാനമാക്കി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം തന്നെയാണ് ഔദ്യോഗികമായി കണക്കാക്കുകയെന്ന് സ്പീക്കർ അറിയിച്ചു.

മുൻപ് ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ സഭാധ്യക്ഷന്മാർ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഗവർണർ സ്വന്തംനിലയ്ക്ക് വരുത്തിയ മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ സഭാരേഖകളിൽ ഉണ്ടാകില്ലെന്നും മന്ത്രിസഭ അംഗീകരിച്ച പൂർണരൂപം മാത്രമേ നിലനിൽക്കൂ എന്നും സ്പീക്കർ വ്യക്തമാക്കി. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൻ്റെ പകർപ്പുകൾ അംഗങ്ങൾക്കും മാധ്യമങ്ങൾക്കും വിതരണം ചെയ്യാൻ സ്പീക്കർ ഉത്തരവിട്ടു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച 2026 ജനുവരി 22ന് ആരംഭിക്കുമെന്ന് സഭ അറിയിച്ചു.

അതേസമയം ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പിന്നീട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ കൂട്ടിച്ചേർക്കൽ വരുത്താനോ ഒഴിവാക്കൽ വരുത്താനോ ഗവർണർക്ക് അധികാരമില്ല. സർക്കാർ നടപടിയോട് പ്രതിപക്ഷം തത്വത്തിൽ യോജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.