ചലച്ചിത്ര പ്രവർത്തകർ നാളെ നടത്താനിരുന്ന സമരം പിൻവലിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി കേരള ഫിലിം ചേംബർ പ്രതിനിധികൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. ഇതോടെ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്ന സിനിമകളുടെ ചിത്രീകരണം നാളെ തടസമില്ലാതെ നടക്കും.

മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമരത്തിൽ നിന്ന് പിന്മാറുന്ന വിവരം സംഘടനാ പ്രതിനിധികൾ അറിയിച്ചത്. ചലച്ചിത്ര സമരത്തോട് അനുബന്ധിച്ച് സിനിമകളുടെ ചിത്രീകരണം അടക്കം നിർത്തിവയ്ക്കാൻ സംഘടനകൾ തീരുമാനിച്ചിരുന്നു. എന്നാൽ മന്ത്രിയുമായുള്ള ചർച്ച വിജയകരമായ സാഹചര്യത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സിനിമകളുടെ ചിത്രീകരണം നാളെ തുടരുന്നതിന് തടസമില്ലെന്ന് ഫിലിം ചേംബർ പ്രതിനിധികൾ വ്യക്തമാക്കി.

ജിഎസ്ടി അടക്കമുള്ള കാര്യങ്ങളിൽ ചലച്ചിത്ര മേഖലയ്ക്ക് ഇളവുകൾ നൽകുക, വൈദ്യുതി താരിഫിൽ നിലവിലെ സാഹചര്യത്തിൽ നിന്ന് ഇളവുകൾ അനുവദിക്കുക, ഇരട്ട നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.

കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാന സർക്കാരിനോട് ഫിലിം ചേംബർ അടക്കമുള്ള സംഘടനകൾ ഇക്കാര്യങ്ങൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. പ്രസ്തുത വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ ഉണ്ടാകാത്തത് കൊണ്ട് തന്നെ ജനുവരി മാസം മുതൽ സർക്കാർ തിയറ്ററുകളായ കൈരളി, ശ്രീ, കലാഭവൻ തുടങ്ങിയ സെൻററുകളിൽ പുതിയ മലയാള സിനിമകൾ നൽകില്ലെന്ന് ഫിലിം ചേംബർ തീരുമാനിച്ചിരുന്നു.

ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ചലച്ചിത്ര മേഖല അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഫിലിം ചേംബർ പ്രസിഡൻ്റ് അനിൽ തോമസ് നേരത്തെവ്യക്തമാക്കിയിരുന്നു. അതേസമയം മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്തൊക്കെ വിട്ടുവീഴ്ചകളാണ് സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ളത് എന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ ഇപ്പോൾ വ്യക്തമല്ല. സർക്കാർ തിയറ്ററുകളിൽ സിനിമ റിലീസിങ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ തീരുമാനം പിന്നീട് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

