നാലു വോട്ടുകൾക്കു വേണ്ടി വർഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ലെന്ന് പാണക്കാട് തങ്ങള്‍

മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാക്കൾ. സജി ചെറിയാൻ ലീഗിനെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നുവെന്നും ലീഗിന്റെ ചരിത്രവും വർത്തമാനവും മതസൗഹാർദത്തിന്റെയും മതേതരത്വത്തിന്റെയുമാണെന്നും സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നാലു വോട്ടുകൾക്കു വേണ്ടി വർഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സജി ചെറിയാൻ ലീഗിനെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. ലീഗിന്റെ ചരിത്രവും വർത്തമാനവും മതസൗഹാർദത്തിന്റെയും മതേതരത്വത്തിന്റെയുമാണ്. ആ പാരമ്പര്യമാണ് ലീഗ് എപ്പോഴും പറഞ്ഞിട്ടുള്ളത്. നാലു വോട്ടിനുവേണ്ടി വർഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ല. മറിച്ച് സൗഹാർദം നിലനിർത്തിക്കൊണ്ടുതന്നെ ജനങ്ങളോട് വോട്ട് ചോദിക്കാനുള്ള ധൈര്യം മുസ്ലിം ലീഗിനുണ്ട്. അതില്ലാത്തവരാണ് അതും ഇതുമൊക്കെ പറഞ്ഞുകൊണ്ട് രംഗം വഷളാക്കാൻ ശ്രമിക്കുന്നത്’- അദ്ദേഹം പറഞ്ഞു.

സജി ചെറിയാന്റെ പ്രസ്താവനയിൽ സർക്കാരിന്റെയും അതിന്റെ ഭാഗമായവരുടെയും ആത്മവിശ്വാസക്കുറവ് വളരെ പ്രകടമാണെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പറഞ്ഞു. ഉത്തരേന്ത്യയിൽ മാത്രം കേട്ടിരുന്നപോലെ ഒരു പ്രത്യേക ജനവിഭാഗത്തെ മാത്രം ടാർഗറ്റ് ചെയ്ത് വർഗീയത പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.