41 പേർ മരിച്ച കാരൂർ ദുരന്തം :നടൻ വിജയിയെ സിബിഐ പ്രതി ചേർക്കാൻ സാധ്യത.

തമിഴ് നാട്ടിലെ കരൂര്‍ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ നടനും തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയെ പ്രതിചേര്‍ക്കാന്‍ സാധ്യത.കേസില്‍ ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമര്‍പ്പിക്കും. തമിഴ്‌നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കാനാണ് സാധ്യത.

2025 സെപ്റ്റംബർ 27-ന് ആണ് ഈ ദുരന്തം ഉണ്ടായത്. വിജയ്‌യുടെ രാഷ്ട്രീയ പ്രചാരണ റാലിക്കിടെയാണ് ഈ അപകടം. ഈ അപകടത്തിൽ ആകെ 41 പേർ മരിച്ചു. തുടക്കത്തിൽ 39 പേരായിരുന്നു മരിച്ചതെങ്കിലും പിന്നീട് ചികിത്സയിൽ കഴിഞ്ഞിരുന്നവർ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു.മരിച്ചവരിൽ 9 കുട്ടികളും 18 സ്ത്രീകളും 14 പുരുഷന്മാരും ഉൾപ്പെടുന്നു. 2 വയസ്സുള്ള ഒരു കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നു എന്നത് സംഭവത്തിന്‍റെ തീവ്രത വർദ്ധിപ്പിക്കുന്നു.

ഏകദേശം 60-ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ പലരും ശ്വാസതടസ്സം മൂലവും എല്ലുകൾ ഒടിഞ്ഞും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. 110-ലധികം ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഏകദേശം 10,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്ഥലത്ത് 50,000-ത്തിലധികം ആളുകൾ എത്തിയതാണ് പ്രധാന കാരണം. വിജയ് എത്തുന്നതിൽ ഏകദേശം 7 മണിക്കൂറോളം കാലതാമസം നേരിട്ടു. ഈ സമയമത്രയും ജനങ്ങൾ തിങ്ങിനിറഞ്ഞു നിന്നത് അസ്വസ്ഥതയ്ക്കും തിരക്കിനും കാരണമായി.

സുരക്ഷാ ക്രമീകരണങ്ങളും ആൾക്കൂട്ട നിയന്ത്രണവും പരാജയപ്പെട്ടു. ജനങ്ങൾ വിജയ്‌യുടെ വാഹനത്തിന് അടുത്തേക്ക് ഇരച്ചുകയറിയതാണ് തിക്കിനും തിരക്കിനും തുടക്കമിട്ടത്.മരിച്ചവരിൽ ഭൂരിഭാഗം പേരും ശ്വാസം കിട്ടാതെയാണ് മരണപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് സർക്കാരും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവില്‍ ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്യെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്. വിജയ്‌ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും.

ജനുവരി 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ വിജയ്ക്ക് മുന്‍പാകെ 90 ചോദ്യങ്ങളാണ് സിബിഐ ഉന്നയിച്ചിരുന്നത്. ഇതില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യുന്നത്.അതേസമയം വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസ് മൊഴി നല്‍കി. റാലിയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകും എന്ന് ടിവികെ അറിയിച്ചില്ല എന്നാണ് പൊലീസ് പറഞ്ഞത്. 30,000ലധികം പേര്‍ എത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സിബിഐയോട് പറഞ്ഞിരിക്കുന്നത്.