അഡ്വാൻസ് നൽകി ബുക്ക് ചെയ്ത മഹേന്ദ്ര താർ വാഹനം ഡെലിവറി അനന്തമായി നീണ്ടുപോയ സാഹചര്യത്തിൽ ബുക്കിംഗ് റദ്ദാക്കിയ ഉപഭോക്താവിന് ബുക്കിംഗ് തുകയും നഷ്ടപരിഹാരവും നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി.

യഥാർത്ഥ ചിത്രമല്ല
കോതമംഗലം സ്വദേശി നോബിൾ മാത്യു, തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പോത്തൻ ഓട്ടോസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
2022 ജൂലൈ മാസത്തിലാണ് പരാതിക്കാരൻ 21,000 രൂപ നൽകി മഹീന്ദ്ര താർ വാഹനം ബുക്ക് ചെയ്തത്. എന്നാൽ വാഹനത്തിന്റെ ഡെലിവറി അനിശ്ചിതമായി വൈകുമെന്നറിഞ്ഞതിനെത്തുടർന്ന് അദ്ദേഹം ബുക്കിംഗ് റദ്ദാക്കുകയും തുക തിരികെ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് മറ്റൊരു ഡീലറിൽ നിന്ന് അദ്ദേഹം വാഹനം വാങ്ങിയെങ്കിലും, എതിർകക്ഷി പഴയ ബുക്കിംഗ് തുക തിരികെ നൽകാൻ തയ്യാറായില്ല. എതിർകക്ഷിയുടെ എറണാകുളത്തെ ഓഫീസുകൾ പൂട്ടിയത് പരാതിക്കാരനെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ചെയ്തു.
വാഹനം നൽകുകയോ അല്ലെങ്കിൽ ബുക്കിംഗ് തുക തിരികെ നൽകുകയോ ചെയ്യാതെ പണം കൈവശം വയ്ക്കുന്നത് സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാര രീതി ആണെന്ന് ഡി.ബി ബിനു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
വാഹനം വാങ്ങാനായി പണം നൽകുന്ന വ്യക്തി നിയമപ്രകാരം ഉപഭോക്താവാണെന്നും, ഡീലർ സേവനം നൽകാൻ ബാധ്യസ്ഥരാണെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരനുണ്ടായ സാമ്പത്തിക നഷ്ടവും മാനസിക വിഷമവും പരിഗണിച്ച് ബുക്കിംഗ് തുകയായി നൽകിയ 21, 000/- രൂപ 12% പലിശ സഹിതം തിരികെ നൽകണം. കൂടാതെ
നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളിൽ 15,000/- രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.
തയ്യാറാക്കിയത്
Adv. K. B Mohanan
9847445075
