വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കും വി ഡി സതീശന്റെ മറുപടി

താൻ ഒരു സമുദായ നേതാവിനെയും വ്യക്തിപരമായി വിമർശിച്ചിട്ടില്ലെന്നും വർഗീയതയെ മാത്രമാണ് എതിർക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉന്നയിച്ച കടുത്ത വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വർഗീയതയെ എതിർക്കുക എന്നതിനർത്ഥം സമുദായ നേതാക്കളുമായി സംസാരിക്കില്ല എന്നല്ലെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

വർഗീയ പ്രസ്താവനകൾ ഉണ്ടാകരുത് എന്ന് മാത്രമാണ് താൻ ആഗ്രഹിക്കുന്നത്. വർഗീയതയ്ക്കെതിരെ സംസാരിക്കുന്നതും സമുദായ നേതാക്കളെ കാണുന്നതും രണ്ട് കാര്യങ്ങളാണ്. കേരളം എന്നും മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമായി തുടരണം. താൻ ഒരു വ്യക്തിക്കോ സമുദായത്തിനോ എതിരെ സംസാരിച്ചിട്ടില്ല.

വിവിധ സമുദായ സംഘടനകളുടെ പരിപാടികളിൽ താൻ സ്ഥിരമായി പങ്കെടുക്കാറുണ്ട്. കുംഭനാട് പെന്തക്കോസ്ത് കൺവെൻഷൻ, ചെറുകോൽപുഴ ഹിന്ദു സമ്മേളനം, കാന്തപുരത്തിന്റെ കേരള യാത്ര, ദലിത് സംഘടനകളുടെ പരിപാടികൾ എന്നിവ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ വിമർശനങ്ങൾക്ക് അതീതനല്ലെന്ന് സതീശൻ പറഞ്ഞു. “സമുദായ നേതാക്കൾക്കോ രാഷ്ട്രീയ പ്രവർത്തകർക്കോ സാംസ്കാരിക പ്രവർത്തകർക്കോ എന്നെ വിമർശിക്കാം. എന്റെ പാർട്ടിയിലുള്ളവർക്കും ആ അവകാശമുണ്ട്. വിമർശനങ്ങളിൽ കഴമ്പുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്,” അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആര് വർഗീയ പ്രസ്താവന നടത്തിയാലും കോൺഗ്രസും യുഡിഎഫും അതിനെ എതിർക്കും. മതേതരത്വമാണ് പാർട്ടിയുടെ ഉറച്ച നിലപാടെന്നും അദ്ദേഹം ആവർത്തിച്ചു.