എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളെ തള്ളിക്കൊണ്ടും, ഇരു സമുദായങ്ങളും തമ്മിലുള്ള ഐക്യത്തിന്റെ വാതിലുകൾ തുറന്നിട്ടും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വെള്ളാപ്പള്ളിയെപ്പോലെ മുതിർന്ന ഒരു സമുദായ നേതാവിനെ വിലകുറഞ്ഞ രീതിയിൽ ആക്ഷേപിക്കുന്നത് ഒരിക്കലും ഭൂഷണമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.പുതിയ സഹകരണത്തെ പ്രതിപാദിച്ച് പ്രമുഖ കാർട്ടൂണിസ്റ്റ് ഹരികുമാറിന്റെ കമന്റ് ഇങ്ങനെയാണ്.”ഒരു ജന്തുവിന് മറ്റൊരു ജന്തു കൂട്ട് എന്നൊരു പഴഞ്ചൊല്ല് ഉണ്ട് “

കാലങ്ങളായി നിലനിൽക്കുന്ന അകൽച്ചകൾക്ക് വിരാമമിട്ട്, വർത്തമാനകാല സാഹചര്യത്തിൽ ഇരു സമുദായ സംഘടനകളും സഹകരിച്ച് മുന്നോട്ട് പോകണമെന്ന നിലപാടാണ് സുകുമാരൻ നായർ പങ്കുവെച്ചത്. എസ്.എൻ.ഡി.പിയുമായി ഏത് തരത്തിലുള്ള ചർച്ചയ്ക്കും എൻ.എസ്.എസ് തയ്യാറാണെന്ന നിർണ്ണായക പ്രഖ്യാപനവും അദ്ദേഹം നടത്തി.

എന്നാൽ, സംഘടനകൾ തമ്മിലുള്ള ഐക്യത്തെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ലെന്നും, അദ്ദേഹം അത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചാൽ ചർച്ചയ്ക്കായി എൻ.എസ്.എസ് മുന്നിലുണ്ടാകുമെന്നും സുകുമാരൻ നായർ പറഞ്ഞു.
പഴയകാലത്തെ എൻ.എസ്.എസ് – എസ്.എൻ.ഡി.പി ബന്ധം അനുസ്മരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. വർഷങ്ങൾക്ക് മുൻപ് പല നിർണ്ണായക വിഷയങ്ങളിലും ഇരു സംഘടനകളും ഒരേ സ്വരത്തിലാണ് സംസാരിച്ചിരുന്നത്. വെള്ളാപ്പള്ളി നടേശൻ മന്നം ജയന്തി സമ്മേളനങ്ങളിൽ അതിഥിയായി എത്തിയ ചരിത്രവും അദ്ദേഹം ഓർമ്മിപ്പിച്ചു.

എന്നാൽ രാഷ്ട്രീയ വിവാദങ്ങളിൽ സുകുമാരൻ നായർ ജാഗ്രത പുലർത്തി. എൻ.എസ്.എസ് – എസ്.എൻ.ഡി.പി ഐക്യം തകർത്തത് യു.ഡി.എഫ് ആണെന്ന വെള്ളാപ്പള്ളിയുടെ മുൻ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. രാഷ്ട്രീയമായി എൻ.എസ്.എസിന്റെ നിലപാടിൽ മാറ്റമില്ലെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ‘സമദൂര നിലപാട്’ തന്നെ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. സമുദായ സൗഹാർദ്ദത്തിനും ഐക്യത്തിനുമുള്ള പുതിയൊരു ചുവടുവെപ്പായി ജി. സുകുമാരൻ നായരുടെ ഈ പ്രസ്താവനയെ സാമൂഹിക നിരീക്ഷകർ കാണുന്നു.

