അഫ്ഘാനിസ്ഥാനിൽ തീവ്ര ഇസ്ലാമിക സംഘടനയായ താലിബാൻ ഭരണകൂടത്തിൽ നടക്കുന്ന അധികാര വടംവലികളെക്കുറിച്ചും ഉന്നതതലങ്ങളിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളെക്കുറിച്ചും ബിബിസി പുറത്തുവിട്ട റിപ്പോർട്ട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.

അഫ്ഗാനിസ്ഥാനിൽ അടുത്തിടെയുണ്ടായ ഇൻ്റ്ർനെറ്റ് വിച്ഛേദത്തിന് പിന്നിൽ കേവലം സാങ്കേതിക കാരണങ്ങളല്ല, മറിച്ച് താലിബാൻ നേതൃത്വത്തിനിടയിലെ കടുത്ത ഭിന്നതയാണെന്നാണ് ബിബിസി റിപ്പോർട്ടിലൂടെ പുറത്തായത്. കാബൂളിലെ മിതവാദികളായ നേതാക്കളും കന്ദഹാറിലെ പരമാധികാരിയായ ഹിബത്തുള്ള അഖുന്ദ്സാദയെ പിന്തുണയ്ക്കുന്ന തീവ്രവാദ വിഭാഗവും തമ്മിലുള്ള പോരാട്ടമാണ് ഇതിലൂടെ പുറത്തുവരുന്നത്.

രാജ്യത്തിന്‍റെ നിയന്ത്രണം ആർക്കെന്ന കാര്യത്തിൽ താലിബാനുളളിൽ രണ്ട് ചേരികൾ രൂപപ്പെട്ടു കഴിഞ്ഞു എന്നതിന്‍റെ വ്യക്തമായ സൂചനയാണിത്. ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത് വെറുമൊരു ഭരണപരമായ തീരുമാനമായിരുന്നില്ല, മറിച്ച് ജനങ്ങളിലേക്കുള്ള വിവരങ്ങളുടെ ഒഴുക്ക് തടയുന്നതിനും സ്വന്തം ഭരണകൂടത്തിലെ എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നതിനുമുള്ള തന്ത്രമായിരുന്നു
