രോഗിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ ഏഷ്യൻ നഴ്സിനെ ബഹ്റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. ഭിന്നശേഷിക്കാരനായ രോഗിയുടെ അക്കൗണ്ടിൽ നിന്ന് 25,750 ദിനാർ (61 ലക്ഷം രൂപ) ആണ് നഴ്സ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. പ്രതി കുറ്റം സമ്മതിച്ചെന്നും കേസ് ജനുവരി 20 ന് പരിഗണിക്കുമെന്നും ബഹ്റൈൻ അധികൃതർ വ്യക്തമാക്കി.
രോഗിയുടെ ബെനിഫിറ്റ് ആപ്ലിക്കേഷൻ അനധികൃതമായി ഉപയോഗിച്ചാണ് നഴ്സ് പണം തട്ടിയെടുത്തത്. 2025 സെപ്റ്റംബർ മുതൽ ഒക്ടോബർവരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഇക്കാലയളവിൽ രോഗിയുടെ ബെനിഫിറ്റ് ആപ്ലിക്കേഷൻ ഉപയോഗിച്ച് പിതാവിന്റെ അക്കൗണ്ടിൽ നിന്ന് നഴ്സിന്റെ അക്കൗണ്ടിലേക്ക് 25,750 ദിനാർ മാറ്റിയത്.

സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് നഴ്സിന്റെ അക്കൗണ്ടിൽ നിന്ന് പണം നാട്ടിലേക്ക് അയച്ചതായി കണ്ടെത്തി. അക്കൗണ്ടിൽ ഉണ്ടായിരുന്ന 3,500 ദിനാർ തിരികെ നൽകിയെങ്കിലും ബാക്കി പണം നൽകാൻ പ്രതിയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചത്.

രോഗി ഭിന്നശേഷിയുള്ളയാളും സ്വന്തം സാമ്പത്തിക കാര്യങ്ങൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ കഴിയാത്തയാളുമാണ്. ഇത് മനസിലാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇരയെ വഞ്ചിച്ച് പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യമാണ് പ്രതിയ്ക്ക് ഉണ്ടായിരുന്നത്. ഇതിനായി ഇരയുടെ ഇലക്ട്രോണിക് ഒപ്പും വെരിഫിക്കേഷൻ നമ്പറും പ്രതി കൈക്കലാക്കിയിരുന്നു എന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
അതെ സമയം പ്രതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരണങ്ങൾ പുറത്ത് വിടാൻ അധികൃതർ തയ്യാറായിട്ടില്ല.

