എല്‍ഡിഎഫ് ഭരണസമിതി ഒഴിവാക്കിയ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ ചിത്രം കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ പുനഃസ്ഥാപിച്ച് ബിജെപി. സിപിഎം നേതാവ് ആര്യാ രാജേന്ദ്രന്‍ മേയറായിരുന്ന സമയത്തായിരുന്നു ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ ചിത്രം ഹാളില്‍ നിന്ന് നീക്കിയത്. ചിത്രം തിരിച്ചു സ്ഥാപിച്ച പുതിയ ഭരണ സമിതിയുടെ നടപടിയാണ് കോര്‍പറേഷനില്‍ പുതിയ വിവാദം.

മുന്‍ എല്‍ഡിഎഫ് ഭരണസമിതിയുടെ അവസാന നാളുകളിലാണ് 1940 ല്‍ കോര്‍പറേഷന്‍ രൂപീകരിച്ചതു മുതല്‍ മേയറുടെ ഡയസിനു പുറകില്‍ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ഫോട്ടോ നീക്കിയത്. ഫോട്ടോയുടെ സ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം സ്ഥാപിക്കുകയും ചെയ്തു. ചിത്തിര തിരുന്നാളിന്റെ ഫോട്ടോ നീക്കിയ നടപടിക്ക് എതിരെ അന്ന് ബിജെപി പ്രതിഷേധം ഉയര്‍ത്തിയെങ്കിലും തീരുമാനം മാറ്റാന്‍ എല്‍ഡിഎഫ് ഭരണ സമിതി തയാറായിരുന്നില്ല.

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി അധികാരത്തിലെത്തിയതിനു പിന്നാലെ ഗാന്ധിജിയുടെ ചിത്രത്തിന് സമീപം ചിത്തിര തിരുനാളിന്റെ ചിത്രവും സ്ഥാപിക്കുകയായിരുന്നു. ഫോട്ടോ മാറ്റണമെന്നാണ് എല്‍ഡിഎഫിന്റെ ആവശ്യം. ചിത്രം മുന്‍പ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്തെന്നും വിവാദങ്ങള്‍ ആവശ്യമില്ലെന്നുമാണ് മേയര്‍ വി വി രാജേഷ് വിഷയത്തില്‍ നല്‍കുന്ന വിശദീകരണം.

