വിജയ് നായകനായ സിനിമയുടെ സ്റ്റേ നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

തമിഴ് സൂപ്പര്‍ താരം ജനനായകനു തിരിച്ചടി. വിജയ് നായകനായ സിനിമയുടെ സ്റ്റേ നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. വിഷയത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഹര്‍ജിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാവുന്നതാണെന്നും, തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കാമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ ജനുവരി 20 ന് തന്നെ തീര്‍പ്പുകല്‍പ്പിക്കാന്‍ ശ്രമിക്കണമെന്ന് ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതിവേഗത്തിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നിയമനടപടികളിലേക്ക് കടന്നതെന്നും, സെന്‍സര്‍ബോര്‍ഡിന് പ്രതികരിക്കാനുള്ള സാവകാശം പോലും നല്‍കിയില്ലെന്നും കോടതി വിമര്‍ശിച്ചു. എന്നാല്‍ ചില ക്രമക്കേടുകള്‍ നടന്നുവെന്നും, 500 കോടിയോളം ചെലവഴിച്ച് നിര്‍മ്മിച്ച സിനിമ റിലീസ് ചെയ്യാനാകാത്തതുമൂലം കനത്ത നഷ്ടം നേരിടുന്നുവെന്നും നിര്‍മ്മാതാക്കള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.