ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനു മുഖ്യമന്ത്രി പിണറായി വിജയൻറെ ചുട്ട മറുപടി .ഇന്ന് (2025 ജൂൺ 18) നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണമാണ് .ഇന്നലെയായിരുന്നു കൊട്ടിക്കലാശം. നാളെയാണ് വോട്ടെടുപ്പ്. ഈ സമയത്ത് ആർഎസ്എസുമായി ബന്ധപ്പെട്ട ഗോവിന്ദന്റെ പ്രസ്‌താവന തിരിച്ചടിയാകുമെന്ന് ഭയന്നാണ് തിരുത്തലുമായി പിണറായി ഉടനെ രംഗത്തുവന്നത്.
അടിയന്തിരാവസ്ഥക്കാലത്ത് സ്വന്തം നിലയ്ക്കാണ് സിപിഎം പോരാടിയതെന്നും ആർഎസ്എസുമായി ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയുമായാണ് സി പി എം സഹകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നപ്പോൾ എംവി ഗോവിന്ദൻ തന്നെ വിശദീകരിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആർഎസ്എസുമായി ഇന്നോ ഇന്നലെയോ ഐക്യപ്പെട്ടില്ലെന്നും നാളെയും യോജിക്കില്ലെന്നും വ്യക്തമാക്കി. ആർഎസ്എസ് മാത്രമല്ല, ഒരു വർഗീയ ശക്തിയുമായും യോജിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയം മറച്ചു വെക്കാറില്ല. എത്ര വലിയ ശത്രുവിന് മുന്നിലും തലയുയർത്തി നിലപാട് പറയും.
ആർഎസ്എസ് നേതാക്കളുടെ ചിത്രങ്ങൾക്ക് മുന്നിൽ താണുവണങ്ങിയ ചിലരുണ്ടല്ലോ, അവരെ പോലെ അല്ല സിപിഎം. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നെന്ന് പറഞ്ഞത് പഴയ കെപിസിസി പ്രസിഡന്റാണെന്ന് പറഞ്ഞ് കെ സുധാകരനെയും പ്രതിപക്ഷ നേതാവിനെയും മുഖ്യമന്ത്രി പരോക്ഷമായി കുറ്റപ്പെടുത്തി. വിശ്വസിക്കാവുന്ന മിത്രം എന്ന നിലക്കല്ലേ അന്ന് കോൺഗ്രസ് സമീപനം എടുത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഏതെങ്കിലും വിവാദമുണ്ടാക്കി സിപിഎമ്മിനെ കുടുക്കാമെന്ന് കരുതിയാൽ അത് അത്ര പെട്ടെന്ന് വേവില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും എം വി ഗോവിന്ദന്റെ ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്‌താവന മറ്റൊരു തെരെഞ്ഞെടുപ്പിൽ ഇ പി ജയരാജൻ ബിജെപി നേതാവിനെ സന്ദർശിച്ചെന്ന വെളിപ്പെടുത്തൽ പോലെയായിയെന്നാണ് ചില സിപിഎം നേതാക്കൾ സ്വാകാര്യമായി പറയുന്നത്.നിലമ്പൂരിൽ സിപിഎം തോറ്റാൽ അതിനു കാരണം എം വി ഗോവിന്ദന്റെ അനവസരത്തിൽ ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനയാണെന്ന് വിലയിരുത്തപ്പെടും .