കെഎം മാണി സാമൂഹിക പഠനകേന്ദ്രത്തിന് കവടിയാറില്‍ 25 സെന്റ് ഭൂമി നല്കാന് മന്ത്രിസഭാ തീരുമാനം. മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനം. പാട്ടുത്തുക പ്രതിവര്‍ഷം 100 രൂപയാണ്.

ആറ് വര്‍ഷം കഴിഞ്ഞിട്ടും ഇടത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കെഎം മാണി സ്മാരകത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകാത്തതില്‍ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരില്‍ വലിയ അമര്‍ഷം ഉണ്ടായിരുന്നു. മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായിട്ടും പാര്‍ട്ടി നേതാവിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഉചിതമായ പദ്ധതി നടപ്പാക്കിയില്ലെന്നും അത് പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണിക്ക് നേരെയുള്ള വിമര്‍ശനമായി ഉയരുകയും ചെയ്തിരുന്നു.

മുന്‍ ധനമന്ത്രി കെഎംമാണിക്കു പാലായില്‍ സ്മാരകമന്ദിരം നിര്‍മിക്കുന്നതിന് അദ്ദേഹത്തിന്റെ പേരിലുളള ഫൗണ്ടേഷന് അഞ്ചു കോടി രൂപ അനുവദിച്ചു കൊണ്ട് 2020- 21 ലെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപനം നടത്തിയിരുന്നു. പഠന കേന്ദ്രം തുടങ്ങാനായിരുന്നു തുക നീക്കിവെച്ചത്. 2020 ഫെബ്രുവരി ഏഴിന് തോമസ് ഐസക്ക് അവതരിപ്പിച്ച ശേഷം പിന്നീട് ആറ് ബജറ്റുകള്‍ കൂടി നിയമസഭയില്‍ അവതരിപ്പിച്ചെങ്കിലും കടലാസില്‍ ഉറങ്ങുകയായിരുന്നു.
കെഎം മാണിയെ ബഹുമാനിക്കുന്ന വലിയൊരു വിഭാഗം കേരളത്തില്‍ ഉണ്ടെന്നും അദ്ദേഹത്തിന് സ്മാരകം നിര്‍മിക്കാനായി പണം അനുവദിച്ചത് രാഷ്ട്രീയ മാന്യതയാണെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക് അക്കാലത്ത് നല്കിയ വിശദീകരണം. കേരള കോണ്‍ഗ്രസ് മുന്നണി വിടുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം.
