’10 മിനിറ്റ് ഡെലിവറി’ വാഗ്ദാനം ഔദ്യോഗികമായി അവസാനിപ്പിച്ച് ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റ്. ഡെലിവറി തൊഴിലാളികളുടെ ജോലി സമ്മർദവുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയവും ക്വിക്ക്-കൊമേഴ്സ് കമ്പനികളും തമ്മിൽ നടന്ന ചർച്ചകളെ തുടർന്നാണ് തീരുമാനം. കേന്ദ്രം മുന്നോട്ടുവച്ച ആവശ്യം കമ്പനി അംഗീകരിക്കുകയായിരുന്നു.കേരളത്തിൽ ’10 മിനിറ്റ് ഡെലിവറി’ വാഗ്ദാനത്തിനെതിരെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നിയമ നടപടിക്ക് ഒരുങ്ങുകയുണ്ടായി .

ബ്ലിങ്കിറ്റിന് പിന്നാലെ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സെപ്റ്റോ തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളും സമാനമായ മാറ്റത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. ബ്ലിങ്കിറ്റ് തങ്ങളുടെ ആപ്പിലെ ടാഗ്ലൈനുകളിൽ നിന്നും പരസ്യങ്ങളിൽ നിന്നും ’10 മിനിറ്റ്’ എന്ന വാഗ്ദാനം നീക്കം ചെയ്തിട്ടുണ്ട്. മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തേക്കാൾ, നിത്യോപയോഗ സാധനങ്ങൾ മുതൽ ഇലക്ട്രോണിക്സ് വരെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഒരിടത്ത് ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ പുതിയ നയം എന്നാണ് വിവരം.

10 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിക്കണമെന്ന സമ്മർദ്ദം ഡെലിവറി ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുന്നു എന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. പുതിയ മാറ്റത്തിലൂടെ ജീവനക്കാരുടെ മേലുള്ള അമിത സമ്മർദ്ദം കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പലചരക്ക് സാധനങ്ങൾക്കു പുറമേ, സ്മാർട്ട് ഫോണുകൾ, വലിയ വീട്ടുപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ എന്നിവയും നിലവിൽ ബ്ലിങ്കിറ്റ് വിതരണം ചെയ്യുന്നുണ്ട്.

ഇത്തരം വലിയ ഉൽപ്പന്നങ്ങൾ പാക്ക് ചെയ്യാനും സുരക്ഷിതമായി എത്തിക്കാനും 10 മിനിറ്റിലധികം സമയം ആവശ്യമാണെന്നതും കമ്പിനിയുടെ തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് സൂചന. സ്വിഗ്ഗിയും സെപ്റ്റോയും തങ്ങളുടെ പരസ്യങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. അതേസമയം, ക്വിക്ക് കൊമേഴ്സ് മേഖല വേഗതയിൽ നിന്ന് മാറി, ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലെ വലിയൊരു ‘ഡിജിറ്റൽ സ്റ്റോർ’ ആയി മാറാനുള്ള ശ്രമത്തിലാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

