അതിജീവിതയുടെ അഭിഭാഷക ടി ബി മിനി കോടതിയിലെത്തിയത് 10 ദിവസത്തില്‍ താഴെ: ജഡ്‌ജി ഹണി എം വര്‍ഗീസ്

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിചാരണക്കോടതി. കോടതിയിലെത്തിയത് 10 ദിവസത്തില്‍ താഴെ മാത്രമാണെന്നും ഉള്ളപ്പോഴാണെങ്കില്‍ ഉറങ്ങാറാണ് പതിവെന്നും ജഡ്ജി ഹണി എം വര്‍ഗീസ് ആരോപിച്ചു. കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ പരാമര്‍ശം.

ജഡ്‌ജി ഹണി എം വര്‍ഗീസ്

അതിജീവിതയെ അപമാനിച്ച കേസിലെ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ഇന്ന് ടി ബി മിനി എത്തിയില്ലേ എന്ന് കോടതി ചോദിച്ചു. കേസിലെ വിചാരണ നടപടികള്‍ നടക്കുന്ന സമയത്ത് പത്ത് ദിവസത്തില്‍ താഴെയാണ് എത്തിയത്. ഉള്ളപ്പോഴാണെങ്കില്‍ ഉറക്കവും. വിശ്രമിക്കാനുള്ള സ്ഥലമാണോ ഇതെന്നും കോടതി ചോദിച്ചു. ഇങ്ങനെയൊക്കെ ചെയ്തിട്ടാണ് കോടതിയേയും കോടതി വിധിയേയുമൊക്കെ വിമര്‍ശിക്കുന്നതെന്നും ജഡ്ജി കുറ്റപ്പെടുത്തി.

അതിജീവിതയുടെ അഭിഭാഷക ടി ബി മിനി

എന്നാല്‍ ഇത് കോടതിയുടെ അപക്വമായ പ്രസ്താവനയായി മാത്രമാണ് കാണുന്നതെന്നും താന്‍ കഴിഞ്ഞ 5 വര്‍ഷമായി ഈ കേസുമായി നടന്ന ഒരാളാണെന്നും ടി ബി മിനി പ്രതികരിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ പറയട്ടെ താന്‍ പോയിട്ടില്ലെന്ന്. ഹൈക്കോടതി പറയട്ടെ. കേസ് കോടതിയില്‍ തീര്‍ന്നതാണ്. ഇന്ന് പരിഗണിക്കുന്നത് കോടതിയലക്ഷ്യ ഹര്‍ജികളാണ്. അതില്‍ സീനിയറായ ഞാന്‍ തന്നെ പോകണമെന്നില്ല. ജൂനിയര്‍ അഭിഭാഷക പോയിട്ടുണ്ട്. എനിക്ക് ഹൈക്കോടതിയില്‍ മറ്റൊരു കേസിന്റെ വാദം നടക്കുകയാണ്. അതുമായി ബന്ധപ്പെട്ട് പോയേ മതിയാകൂ. കോടതി ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിനോട് എന്ത് പറയാനാണെന്നും ടി ബി മിനി പ്രതികരിച്ചു.