വികലമായ ഇന്ത്യൻ ഭൂപടം വിവാദമായതിനെ തുടർന്ന് പ്രസിനെതിരെ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ കോപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് E 948 കാരണം കാണിക്കൽ നോട്ടീസയച്ചു.സൊസൈറ്റിയുടെ 2026ലെ ഡയറിയിൽ ഒരു പേജിൽ സംഭവിച്ച അച്ചടി പിശക് തിരുത്തി സ്വന്തം ചെലവിൽ പുനർ പ്രിന്റിങ് നടത്തി തരണമെന്നാണ് നോട്ടീസിൽ സൊസൈറ്റി ആവശ്യപ്പെട്ടത്.ഫാദർ സെബി മാത്യു ,പുലരി ഓഫ്സെറ്റ് പ്രസ് ,ബിഷപ്പ് ഹൌസ് ,കന്യാകുമാരി ജില്ലാ ,തിരുവനന്തപുരം.എന്ന വിലാസത്തിലാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിദ്ധീകരിച്ച 2026-ലെ ഡയറിയിൽ വികലമായ ഇന്ത്യൻ ഭൂപടം ഉൾപ്പെടുത്തിയതിനെതിരെ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് സൊസൈറ്റി നോട്ടീസ് അയച്ചത്. കേന്ദ്ര സർക്കാർ അഭിഭാഷകനായ അഡ്വ. ആർ. പ്രശാന്ത് കുമാറാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഡയറിയിലെ 66-ാം പേജിൽ നൽകിയിരിക്കുന്ന ഭൂപടത്തിൽ ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളെ ഇന്ത്യയുടെ ഭാഗമല്ലാത്ത രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങൾ പാകിസ്ഥാന്റെയും ചൈനയുടെയും ഭാഗമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അടയാളപ്പെടുത്തലുകൾ. ഇത് രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നതാണെന്ന് പരാതിയിൽ പറയുന്നു.ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 152, 196, 353 എന്നിവ പ്രകാരവും, 1961-ലെ ക്രിമിനൽ നിയമ ഭേദഗതി നിയമപ്രകാരവും കുറ്റകരമാണ്.
സൊസൈറ്റി പ്രിന്റ് ചെയ്ത പ്രസിനു നോട്ടീസ് അയച്ചതോടൊപ്പം കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അംഗങ്ങളെയും ഇക്കാര്യം അറിയിച്ചുകൊണ്ട് നോട്ട്സ് ഇറക്കുകയും അച്ചടി പിശക് സൊസൈറ്റി ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.അംഗങ്ങൾക്ക് നൽകിയ കുറിപ്പിൽ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്.

“സൊസൈറ്റിയുടെ 2026ലെ ഡയറിയിലെ ഒരു പേജിൽ അച്ചടി പിശക് ശ്രദ്ധയിൽപ്പെട്ടതായി എല്ലാ ബഹുമാന്യ അംഗങ്ങളെയും ഇതിനാൽ അറിയിക്കുന്നു. പിശക് തിരുത്തിയ ശേഷം തിരുത്തിയ ഡയറികൾ വീണ്ടും പുറത്തിറക്കുന്നതാണ് .2026 ലെ ഡയറികൾ ഇതിനകംവാങ്ങിയ അംഗങ്ങൾ എത്രയും വേഗം അത് സൊസൈറ്റി ഓഫീസിൽ തിരികെ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.ഈ കാര്യത്തിൽ നിങ്ങളുടെ സഹകരണം ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. ഉണ്ടായ അസൗകര്യങ്ങളിൽ ഞങ്ങൾ ഖേദിക്കുന്നു. “

വാസ്തവത്തിൽ ബോധപൂർവം ആരും ചെയ്തതല്ല.എന്നാൽ ഡയറി പ്രിന്റ് ചെയ്ത പ്രസ് ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമായിരുന്നു.സൊസൈറ്റി അല്ല ഇതിൽ തെറ്റുകാർ .ഒരു ഡയറി പ്രിന്റ് ചെയ്യാൻ കൊടുത്തപ്പോൾ പ്രൂഫ് നോക്കേണ്ട ഉത്തരവാദിത്വം മാത്രമേ സൊസൈറ്റിക്കുള്ളൂ.അതിൽ ഉണ്ടായ വീഴ്ചയാണ് വിവാദമായത്.

