സോമനാഥ് ക്ഷേത്രത്തിന്റെ പ്രൗഢിയും ഭാരതീയ സംസ്കാരത്തിന്റെ അതിജീവനവും വിളിച്ചോതി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച ‘ശൗര്യ യാത്ര’ ഗുജറാത്തിലെ സോമനാഥിൽ അരങ്ങേറി. സോമനാഥ് ക്ഷേത്രത്തിന് നേരെയുണ്ടായ ആദ്യ വിദേശീയാക്രമണത്തിന്റെ ആയിരം വർഷങ്ങൾ സ്മരിക്കുന്ന ‘സോമനാഥ് സ്വാഭിമാൻ പർവ്വി’ന്റെ ഭാഗമായാണ് ഉജ്ജ്വലമായ ഘോഷയാത്ര സംഘടിപ്പിച്ചത്.

ഞായറാഴ്ച രാവിലെ നടന്ന ശൗര്യ യാത്രയിൽ പ്രധാനമന്ത്രി തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു. ഗുജറാത്ത് പോലീസ് മൗണ്ടഡ് യൂണിറ്റിലെ തദ്ദേശീയ ഇനങ്ങളായ കാത്തിയാവാഡി, മാർവാഡി ഇനങ്ങളിൽപ്പെട്ട 108 കുതിരകൾ അണിനിരന്നത് യാത്രയ്ക്ക് രാജകീയ പ്രൗഢിയേകി. നൂറ്റാണ്ടുകൾക്ക് മുൻപ് ക്ഷേത്ര സംരക്ഷണത്തിനായി ജീവൻ ബലി നൽകിയ പോരാളികൾക്കുള്ള ആദരമായാണ് ഈ യാത്ര സംഘടിപ്പിച്ചത്. ഘോഷയാത്രയ്ക്കിടെ പ്രധാനമന്ത്രി ശംഖ് മുഴക്കിയതും ജനക്കൂട്ടത്തിനിടയിൽ ആവേശമായി.

എ.ഡി. 1026-ൽ മഹ്മൂദ് ഗസ്നി നടത്തിയ ആദ്യ ആക്രമണത്തിന് ശേഷം പലതവണ തകർക്കപ്പെട്ടെങ്കിലും ഓരോ തവണയും പൂർവാധികം ശക്തിയോടെ ഉയർത്തെഴുന്നേറ്റ സോമനാഥ് ക്ഷേത്രം ഭാരതീയരുടെ നിശ്ചയദാർഢ്യത്തിന്റെ അടയാളമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1951-ൽ സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന ക്ഷേത്ര പുനരുദ്ധാരണത്തിന്റെ 75-ാം വാർഷികം കൂടിയാണ് ഈ വർഷം.

കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച നാലുദിവസത്തെ സ്വാഭിമാൻ പർവ്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുത്തു. ശൗര്യ യാത്രയുടെ ഭാഗമായി കർണാടകയിലെ യക്ഷഗാനം, ആന്ധ്രയിലെ കുച്ചിപ്പുടി തുടങ്ങിയ കലാരൂപങ്ങളും അരങ്ങേറി. ക്ഷേത്ര സമുച്ചയത്തിൽ 72 മണിക്കൂർ നീണ്ടുനിൽക്കുന്ന അഖണ്ഡ ഓങ്കാര മന്ത്രജപവും മൂവായിരത്തോളം ഡ്രോണുകൾ അണിനിരന്ന മെഗാ ഡ്രോൺ ഷോയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

യാത്രയ്ക്ക് ശേഷം പ്രധാനമന്ത്രി സോമനാഥ് ക്ഷേത്രത്തിൽ ദർശനവും പ്രത്യേക പൂജകളും നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ആഭ്യന്തര മന്ത്രി ഹർഷ് സംഘവി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു
