ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു . ശബരിമല വിഷയത്തില്‍ ഓരോ ഘട്ടത്തിലും നിലപാട് പറഞ്ഞിട്ടുണ്ടെന്നും കുറ്റവാളികൾ ആരായാലും പിടിക്കപ്പെടേണ്ടതാണെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേർത്തു . സര്‍ക്കാര്‍ അന്വേഷണത്തില്‍ ഇടപെടില്ല. അന്വേഷണത്തോട് സഹകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ചിലര്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു ടി പി രാമകൃഷ്ണന്റെ പ്രതികരണം.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുടെ അടുത്ത് എങ്ങനെ എത്തിയെന്നും ടി പി രാമകൃഷ്ണന്‍ ചോദിച്ചു. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ക്ക് പോലും അവിടെ എത്തിച്ചേരാന്‍ കഴിയുന്നില്ല. സ്വര്‍ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് പറയുന്നില്ല. എന്നാല്‍ പോറ്റി എങ്ങനെ സോണിയ ഗാന്ധിയുടെ അടുത്തുവരെ എത്തി എന്ന ചോദ്യത്തിന് ഉത്തരം വേണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

കുറ്റവാളികള്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. കുറച്ച് സമയമെടുത്തായാലും ശബരിമല സ്വര്‍ണക്കൊള്ളയിലെ എല്ലാ വിവരങ്ങളും പുറത്തുവരും. കളവ് പറയാന്‍ എളുപ്പമാണ്. പക്ഷെ സത്യം ചെയ്ത് കാണിച്ച് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അല്‍പം കാലതാമസമുണ്ടാകും. തന്ത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായതിനാലാകാം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആരെയും രക്ഷിക്കാന്‍ സര്‍ക്കാരോ പാര്‍ട്ടിയോ ഉദ്ദേശിക്കുന്നില്ല. തന്ത്രിയെ ‘ദൈവതുല്യന്‍’ എന്ന് പത്മകുമാര്‍ വിളിച്ചെങ്കില്‍ അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം, ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

